മലയാളത്തിന്റെ മഹാനടന്‍ മധുവിനെ ഫോമ ആദരിക്കുന്നു
Thursday, July 9, 2015 5:45 AM IST
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ മഹാ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ കേരള കണ്‍വന്‍ഷനില്‍ മലയാളത്തിന്റെ മഹാനടനായ മധുവിനെ ഓഗസ്റ് ഒന്നിനു തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫോമ കേരള കണ്‍വന്‍ഷനില്‍ ആദരിക്കുന്നു.

സംവിധായകന്‍, നിര്‍മാതാവ്, സ്റുഡിയോ ഉടമ, സ്കൂള്‍ ഉടമ, കര്‍ഷകന്‍ തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണു നടന്‍ മധു. തിരുവനന്തപുരത്ത് വള്ളക്കടവില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഉമാ സ്റുഡിയോ ഒരുകാലത്ത് സിനിമ നിര്‍മാതാക്കള്‍ക്ക് അനുഗ്രഹമായിരുന്നു.

ക്വാജ അഹ്മദ് അബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മധുവിന്റെ ആദ്യ മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍. പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകള്‍ ആണ്. ചെമ്മീനാണു മധുവിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം.

പിന്നീട് ഭാര്‍ഗവീ നിലയം, അധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാളികള്‍ക്കു ചിരപരിചിതമായി. 1970ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്നു പതിനാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2013ല്‍ രാജ്യം ഇദ്ദേഹത്തിനു പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.

വിവധ തരം കലാപരിപാടികളും സാമൂഹിക സാംസ്കാരിക നേതാക്കളും മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കുന്ന ഫോമ കേരള കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ നിന്നുള്ള ഫോമ പ്രതിനിധികള്‍ ഉള്‍പ്പടെ നൂറു കണക്കിനാളുകള്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തുടങ്ങിയവരാണു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

കണ്‍വന്‍ഷന്‍ വിജയമാക്കാന്‍ ഫോമയുടെ എല്ലാ അംഗ സംഘടനകളുടേയും സഹായസഹകരണങ്ങള്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്