യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ദുക്റാനോ പെരുന്നാള്‍ ആഘോഷിച്ചു
Thursday, July 9, 2015 5:42 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ജൂലൈ നാല്, അഞ്ച് തീയതികളില്‍ മാര്‍തോമാശ്ളീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഭക്തിപുരസരം ആഘോഷിച്ചു.

ജൂണ്‍ 28നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്ക്കോപ്പ പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ടു കൊടിയേറ്റി. ജൂലൈ നാലിനു (ശനി) വൈകുന്നേരം മലങ്കര സഭാ വൈദിക ട്രസ്റി റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ധ്യാനപ്രസംഗം നടത്തി. അഞ്ചിന് (ഞായര്‍) റവ. ഡോ. ജോണ്‍സ് കോനാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടെ, പോലീസ് അകമ്പടിയില്‍, ബ്ളോക്ക് ചുറ്റി നടത്തിയ പ്രദക്ഷിണത്തില്‍ പെരുന്നാളില്‍ സംബന്ധിച്ച എല്ലാ വിശ്വാസികളും ഭക്തിപുരസരം പങ്കുകൊണ്ടു.

വികാരി ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ, സെക്രട്ടറി തോമസ് മാത്യു, ജോയിന്റ് സെക്രട്ടറി ട്രീസ വെട്ടിച്ചിറ, പെരുന്നാള്‍ കണ്‍വീനര്‍ റോയി ഏബ്രഹാം എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി. ഉച്ചഭക്ഷണത്തിനു ശേഷം പെരുന്നാളിനു കൊടിയിറക്കി.

സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിക്കുവേണ്ടി പിആര്‍ഒ കുരിയാക്കോസ് തര്യന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ