'കര്‍ഷക രത്ന': അടുക്കളത്തോട്ടം മത്സരത്തിനു ട്രൈസ്റേറ്റ് കേരള ഫോറം അപേക്ഷകള്‍ ക്ഷണിച്ചു
Thursday, July 9, 2015 5:00 AM IST
ഫിലഡല്‍ഫിയ: പതിനഞ്ച് സംഘടനകള്‍ ട്രൈ സ്റേറ്റ് കേരള ഫോറമായി രൂപപ്പെട്ടു ഒരുമിച്ചാഘോഷിക്കുന്ന 'ഓര്‍മയുണര്‍ത്തും തിരുവോണ' മഹോത്സവത്തില്‍ ഗ്രാമീണഭംഗി തിളങ്ങുന്ന അടുക്കളത്തോട്ട മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 'കര്‍ഷകരത്ന' അവാര്‍ഡു ജേതാവിനെ നിശ്ച്ചയിക്കുന്ന കര്‍ഷകരത്ന സംഘാടക സമിതിയുടെ കോ-ഓര്‍ഡിനേറ്റര്‍ ഫീലിപ്പോസ് ചെറിയാന്‍ അറിയിച്ചതാണിത്.

'ഇത്തവണത്തേതു പതിമൂന്നാം വര്‍ഷത്തെ ട്രൈസ്റേറ്റ് കേരള ഫോറം തിരുവോണാഘോഷമാണ്. ഒരുവ്യാഴവട്ടം ഇടമുറിയാതെ മലയാള സംസ്കാരത്തിന്റെ അന്തര്‍ധാരയായ തിരുവോണവും കേരള ദിനാഘോഷവും അമേരിക്കന്‍ മലയാള മനസുകളില്‍ പൂവിട്ടു കതിരിട്ടു ഫലപ്രദമാകുന്നതിനു ട്രൈസ്റേറ്റ് കേരളാഫോറം പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു എന്നതിന്റെ അഭിമാനബോധവും തിരുവോണം യഥാര്‍ത്ഥത്തില്‍ മലയാള മണ്ണിന്റെ കാര്‍ഷിക വിളവെടുപ്പു മഹോത്സവമാണ് എന്ന ഓര്‍മ്മപ്പെടുത്തലും ലക്ഷ്യമിട്ടാണ് ഇത്തവണ മുതല്‍ 'കര്‍ഷകരത്ന' അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്': ഫീലിപ്പോസ് ചെറിയാന്‍ പറഞ്ഞു.

ഓഗസ്റ് 23-നു (ഞായറാഴ്ച) വൈകുന്നേരം നാലിനു ഫിലഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയം വേദിയാകുന്ന ട്രൈസ്റേറ്റ് ഓണാഘോഷത്തില്‍ വച്ച് 'ട്രൈസ്റേറ്റ് കേരള ഫോറം -അതിഥി -കര്‍ഷകരത്ന' അവാര്‍ഡ് ട്രോഫിയും 500 ഡോളര്‍ ക്യാഷ് പ്രൈസ്സും നല്കും. അടുക്കളത്തോട്ട പരിപാലനകലയുടെ വിവിധ മേഖലകളെ ആസ്പദമാക്കി ജേതാക്കളെ കണ്െടത്തി വിവിധ പ്രശംസാ പത്രങ്ങളും കാഷ് അവാര്‍ഡുകളും സമ്മാനിക്കും. 

വീട്ടുപരിസരത്തുള്ള പച്ചക്കറികൃഷിക്കാണ് അവാര്‍ഡ് നിര്‍ണയത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ആദ്യം രജിസ്റര്‍ ചെയ്യുന്ന 25 പേര്‍ക്കേ പങ്കെടുക്കാനാകൂ. അടുക്കളത്തോട്ടത്തിന്റെയും വിളവുകളുടെയും ചിത്രങ്ങളും വീഡിയോയും  ഓണാഘോഷ വേദിയില്‍ പ്രദര്‍ശിപ്പിക്കും. ഫിലാഡല്‍ഫിയ സിറ്റിയും തൊട്ടടുത്ത പ്രദേശങ്ങളുമാണു മത്സര പങ്കാളിത്തത്തിനുള്ള ഭൂമേഖല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെയര്‍മാന്‍ രാജന്‍ സാമുവേല്‍ (215-435-1015), കര്‍ഷകരത്ന സംഘാടക സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫീലിപ്പോസ് ചെറിയാന്‍(215-605-7310), ജനറല്‍ സെക്രട്ടറി സജി കരിങ്കുറ്റി (215-385-1963), ട്രഷറാര്‍ ഈപ്പന്‍ മാത്യു (215-221-4138), ഓണാഘോഷ സമിതി ചെയര്‍മാന്‍ റോണി വര്‍ഗീസ് ((267-243-9229).

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍