ഹിന്ദുസംഗമത്തിനു കൊടിയിറങ്ങി; അടുത്തസംഗമം ഡിട്രോയിറ്റില്‍
Thursday, July 9, 2015 4:59 AM IST
ഡാളസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തിനു ജൂലൈ ആറാം തീയതി രാവിലെ കൊടിയിറങ്ങി. ജൂലൈ രണ്ടു മുതല്‍ ഡാളസിലുള്ള ഹയാത്ത് റീജന്‍സി എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ചായിരുന്നു ഭക്തിസാന്ദ്രവും, കലാ-സാംസ്കാരികവും ആനന്ദഭരിതവുമായ ഈ ഹിന്ദു മഹാസംഗമം അരങ്ങേറിയത്.

ജൂലൈ രണ്ടാം തീയതി രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിച്ച ചടങ്ങിനുശേഷം യോഗ, മെഡിറ്റേഷന്‍, ഭജന എന്നിവ നടന്നു. ബിസിനസ് ബൂത്തിന്റെ ഉദ്ഘാടനം ജനം ടിവി എംഡി വിശ്വരൂപന്‍ നിര്‍വഹിച്ചു. കൂടാതെ മീറ്റ് ആന്‍ഡ് ഗ്രീറ്റ്സും നടന്നു.

ജൂലൈ മൂന്നാം തീയതി നടന്ന ആത്മീയ സെമിനാര്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സത്സംഗത്തോടെ ആരംഭിച്ചു. മെഡിറ്റേഷന്‍, പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സാഹിത്യസമ്മേളനം, ജന്മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനും, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ പ്രഭാഷണം, പ്രശസ്ത ആയുര്‍വേദ ആചാര്യനും, ഹസ്തരേഖാ വിദഗ്ധനുമായ ഡോ. ജയനാരായണ്‍ജിയുടെ പ്രഭാഷണം, ഉദയഭാനു പണിക്കര്‍ നയിച്ച പ്രഭാഷണം, വൈകുന്നേരം ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും, ആര്‍പ്പുവിളികളുടേയും അകമ്പടിയോടുകൂടിയ വര്‍ണാഭമായ ഘോഷയാത്ര തുടങ്ങിയവ പ്രധാന പരിപാടികളായിരുന്നു. ഷിക്കാഗോ ഓംകാരം ഗ്രൂപ്പ് നടത്തിയ ചെണ്ടമേളം ഭക്തിസാന്ദ്രമായി. സെക്രട്ടറി ഗണേഷ് നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച സമ്മേളനം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എന്‍. നായര്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൂടാതെ സ്വാമി ഗുരുപ്രസാദിന്റെ പ്രഭാഷണവും നടന്നു. ട്രഷറര്‍ രാജു പിള്ള നന്ദി പറഞ്ഞു. തുടര്‍ന്ന് ഹൂസ്റന്‍ ടീമിന്റെ കലാപരിപാടികളും അരങ്ങേറി.

ജൂലൈ നാലാം തീയതി വിഷ്ണു സഹസ്രനാമത്തോടും, യോഗ, മെഡിറ്റേഷന്‍ എന്നിവയോടുകൂടി ആരംഭിച്ച്, കുട്ടികള്‍ക്കായുള്ള പ്രത്യേക സെമിനാറുകള്‍, സ്വാമി ചിദാനന്ദപുരിയുടെ 'വേദിക് വിഷനെ' ആസ്പദമാക്കിയുള്ള പ്രഭാഷണം, ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ചിരിയരങ്ങ്, കെഎച്ച്എന്‍എയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷിബു ദിവാകരന്‍ തയാറാക്കിയ പ്രസന്റേഷന്‍, മെഡിക്കല്‍ സെമിനാര്‍, ഗവ. സെക്രട്ടറി രാജു നാരായണ സ്വാമിയുടെ 'പുരാതന ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം, രാഹുല്‍ ഈശ്വര്‍ നയിച്ച സമവായ സംവാദം, മന്മഥന്‍ നായര്‍, അനിയന്‍കുഞ്ഞ്, സുരേന്ദ്രന്‍ നായര്‍, മനോജ് ശ്രീനിലയം, ഉദയഭാനു പണിക്കര്‍ എന്നിവര്‍ സമവായ സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഡോ. എന്‍.പി.പി നമ്പൂതിരി, ഡോ. ജയനാരായണന്‍ജി എന്നിവര്‍ നടത്തിയ ആയുര്‍വേദ സെമിനാര്‍, രാജീവ് സത്യാല്‍ നടത്തിയ കോമഡിഷോ, പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, പൊന്നാട അണയിക്കല്‍ തുടങ്ങിയ ചടങ്ങുകളും നടന്നു. കൂടാതെ ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ ഡി.സി, ഷിക്കാഗോ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ പ്രധാന ഇനങ്ങളായിരുന്നു.

ജൂലൈ അഞ്ചാംതീയതി ഫാഷന്‍ഷോ, പ്രഫണല്‍ സമ്മിറ്റ്, ശ്രീമാന്‍ശ്രീമതി, മണ്ണടി ഹരി നടത്തിയ 'പുതുയുഗത്തിലെ ഭാഗവതദര്‍ശനം'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം, ഡോ. എ.കെ.ബി. പിള്ളയുടെ 'മെഡിക്കല്‍ ഹിന്ദുയിസം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം, അവാര്‍ഡ് ദാന ചടങ്ങ്, പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തല്‍, ബാങ്ക്വറ്റ്, ഗാനമേള തുടങ്ങിയവ അരങ്ങേറി.

പുതിയ പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ അടുത്ത കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം