മാര്‍ത്തോമ ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കവും സമാപനവും
Wednesday, July 8, 2015 6:42 AM IST
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിലുളള 31 -ാമത് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ കണക്ടിക്കട്ട് സ്റാംഫ്ഫോര്‍ട്ട് ഹില്‍ട്ടണ്‍ ഹോട്ടല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററില്‍ നടന്നു.

ജൂലൈ രണ്ടിനു (വ്യാഴം) വൈകുന്നേരം അഞ്ചിനു പ്രൌഢഗംഭീരമായ ഘോഷ യാത്രയോടെ ആരംഭിച്ച ഫാമിലി കോണ്‍ഫറന്‍സില്‍ 250 കുടുംബങ്ങളില്‍ നിന്നും 550 ആളുകള്‍ സംബന്ധിച്ചു. ഉദ്ഘാടന മീറ്റിംഗിനു ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിച്ചു.

മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തില്‍ സഭയുടെ ദൌത്യം ഫലകരമാകുന്നത് പുതിയ മാനവികതയുടെ പ്രത്യാശയ്ക്കായി നിലകൊളളുമ്പോഴാണ്, കുടുംബങ്ങളിലൂടെയും ഇടവകകളിലൂടെയും ഇതിനായുളള മുന്നേറ്റങ്ങള്‍ ഉണ്ടാകണമെന്നും ഉദ്ബോധിപ്പിച്ചു.

ജനറല്‍ കണ്‍വീനര്‍ റവ. ഷിബു മാത്യു, കോണ്‍ഫറന്‍സ് ദീപശിഖ മാര്‍ത്തോമ മെത്രാപ്പോലീത്തായ്ക്ക് കൈമാറുകയും ദീപശിഖയില്‍ നിന്നു തിരിതെളിച്ച് മെത്രാപ്പോലീത്ത കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

മുഖ്യ ക്ളാസുകള്‍ക്ക് പ്രശസ്ത വേദ പണ്ഡിതനും ബാംഗളൂരു പിംപ്രോസ് ഇടവക വികാരിയുമായ റവ. ഡോ. ഷാം പി. തോമസ് നേതൃത്വം നല്‍കി. പ്രവാസ സമൂഹത്തിന്റെ വെല്ലുവിളികളും സാധ്യതകളും മുഖ്യ ചിന്താ വിഷയമായ 'കുടുംബങ്ങളുടെ കുടുംബമായ സഭയുടെ ദൌത്യം മാനവികതയുടെ പ്രത്യാശ' എന്നതില്‍ കേന്ദ്രീകരിച്ച് അവതരിപ്പിച്ചു.

വേദപഠനങ്ങള്‍ക്ക്, റവ. ബിനു സി. ശാമുവല്‍, റവ. മാത്യു ബേബി, റവ. ജോര്‍ജ് ചെറിയാന്‍, റവ. ഡെന്നിസ് ഏബ്രഹാം എന്നിവരും വിവിധ ട്രാക്കുകള്‍ക്ക് ഡോ. യേശുദാസ് അത്യാല്‍, റവ. പി. ഏബ്രഹാം സ്കറിയ, ഡോ. ഷോണ്‍ രാജന്‍ എന്നിവരും നേതൃത്വം നല്‍കി.

വൈകുന്നേരം തോമസ് മാര്‍ യുസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ വിഷയത്തിന്റെ അടിസ്ഥാനത്തിലുളള ധ്യാന ചിന്തയും മാത്യു ജോര്‍ജ് സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് ഫിനാന്‍ഷ്യല്‍ പ്ളാനിംഗ് എന്ന വിഷയത്തിലുളള ക്ളാസുകള്‍ക്കും നേതൃത്വം നല്‍കി.

വിവിധ പ്രായത്തിലുള്ളവര്‍ക്ക് നാലു ട്രാക്കുകളിലായി ക്ളാസുകള്‍ ക്രമീകരിച്ചു. കോണ്‍ഫറന്‍സില്‍ സംബന്ധിച്ചവരുടെ താലന്തുകള്‍ പ്രകടമാക്കുന്ന ടാലന്റ് നൈറ്റ് പ്രോഗ്രാം ആകര്‍ഷകമായിരുന്നു. ഭദ്രാസനത്തിന്റെ ചുമതലയിലുള്ള വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന അവതരണങ്ങളും ചര്‍ച്ചകളും നടന്നു.

അഞ്ചിനു (ഞായര്‍) രാവിലെ എട്ടിനു നടന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ത്തോമ മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഭദ്രാസന എപ്പിസ്കോപ്പ് സഹകാര്‍മികനായിരുന്നു. തുടര്‍ന്നു നടന്ന സമാപന യോഗത്തില്‍ ബെസ്റ് പാരിഷ്, മെറിറ്റ് അവാര്‍ഡുകളും ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത ന്യൂയോര്‍ക്ക് എപ്പിഥനി ഇടവകയ്ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. ഭദ്രാസനത്തിലെ 72 ഇടവകകളിലെയും 10 കോണ്‍ഗ്രിഗേഷനിലെയും വികാരിമാരും യൂത്ത് ചാപ്ളെയിന്മാരും വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

അമേരിക്കന്‍ ഭദ്രാസനത്തിലെ നോര്‍ത്ത് ഈസ്റ് റീജണിലെ 10 ഇടവകകളും ഒരു കോണ്‍ഗ്രിഗേഷനും ഉള്‍പ്പെട്ട ആര്‍എസി കമ്മിറ്റിയാണ് ഫാമിലി കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിച്ചത്. ഭദ്രാസന അധ്യക്ഷന്‍ പേട്രണും ഇടവക വികാരിമാരും ആത്മായരും അംഗങ്ങളുമായുളള ജനറല്‍ കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഫാമിലി കോണ്‍ഫറന്‍സ് സുവനീറും യുവധാരയും ഏറ്റവും ആകര്‍ഷണീയമായിരുന്നു.

നാലു ദിവസങ്ങളിലായി നടന്ന വേദപഠനങ്ങള്‍, ക്ളാസുകള്‍, അവതരണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന് പുത്തന്‍ ഉണര്‍വു നല്‍കി.

കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ റവ. ഷിബു മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി