ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവയ്ക്ക് ഡാളസില്‍ ഊഷ്മള വരവേല്‍പ്പ്
Wednesday, July 8, 2015 6:38 AM IST
ഡാളസ് (ടെക്സസ്): അമേരിക്കന്‍ ശ്ളൈഹീക സന്ദര്‍ശനത്തിന്റെ ഭാഗമായി ഡാളസിലെത്തിചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും

മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവയ്ക്ക് ഡാളസില്‍ ഊഷ്മള വരവേല്‍പ്പു നല്‍കി.

ജൂലൈ ഏഴിനു വൈകുന്നേരം അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കാതോലിക്കാ ബാവായെ സൌത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. പരിശുദ്ധ ബാവായോടൊപ്പം എത്തിയ മലങ്കര സഭ വൈദിക ട്രസ്റി റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സെക്രട്ടറി റവ. ഫാ. ജിന്‍സ് ജോണ്‍സണ്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി.

വൈദീകര്‍, ഭദ്രാസനകൌണ്‍സില്‍ അംഗങ്ങള്‍, മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, സൌത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ തുടങ്ങിയവര്‍ ബാവായെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് ഫാര്‍മേഴ്സ് ബ്രാഞ്ച് പോലീസിന്റെ അകമ്പടിയോടെ നിരവധി വാഹനങ്ങളിലായി എത്തിയ വിശ്വാസ സമൂഹം കാതോലിക്കാ ബാവായെയും സംഘത്തെയും ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ദേവാലയത്തിലേക്ക് ആനയിച്ചു.

ദേവാലയത്തിലെത്തിയ കാതോലിക്ക ബാവായെയും ഭദ്രാസന മെത്രാപ്പോലീത്തായെയും മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയംഗവും ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയുമായ ഫാ. രാജു എം. ഡാനിയേല്‍ കത്തിച്ച മെഴുകുതിരികള്‍ നല്‍കി സ്വീകരിച്ചു.

താളവാദ്യമേളത്തോടെ ആരംഭിച്ച സ്വീകരണഘോഷയാത്രയില്‍ പിതാക്കന്മാരെ അംശവടി, കുരിശ്, പള്ളിമണി എന്നിവയുടെ അകമ്പടിയോടെയും കത്തിച്ച മെഴുകുതിരികളോടും കൂടി ചുവന്ന പരവതാനിയിലൂടെ ദേവാലയത്തിലേക്ക് വരവേറ്റു. സന്ധ്യാനമസ്കാരത്തിനു കാതോലിക്ക ബാവാ നേതൃത്വം നല്‍കി.

തുടര്‍ന്നു പരിശുദ്ധ ബാവ ഇടവകയില്‍ കൂടിയ ജനസമൂഹത്തെ ആശീര്‍വദിച്ച് അനുഗ്രഹപ്രഭാഷണം നടത്തി.

ഡാളസില്‍ നടക്കുന്ന ഭദ്രാസന അസംബ്ളിയിലും കാതോലിക്കാനിധി ശേഖരണ സമ്മേളനത്തിലും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഫാമിലി കോണ്‍ഫറന്‍സിലും പരിശുദ്ധ കാതോലിക്ക ബാവ മുഖ്യാതിഥിയായി പങ്കെടുക്കും.