'പാശ്ചാത്യര്‍ക്ക് ഇസ്ലാമിനോടുള്ള സമീപനത്തില്‍ മാറ്റം'
Tuesday, July 7, 2015 6:50 AM IST
അബുദാബി: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇസ്ലാമിനോടുള്ള സമീപനത്തില്‍ മാറ്റം വരുന്നതായി ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്ലാമിലേക്കു കടന്നുവരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇസ്ലാമിനെക്കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയും മതത്തിന്റെ സൌന്ദര്യം മനസിലാക്കിയുമാണു പാശ്ചാത്യര്‍ ധാരാളമായി ഇസ്ലാമിലേക്ക് കടന്നുവരുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റംസാന്‍ അതിഥിയായി എത്തിയ അദ്ദേഹം അബുദാബി ഇസ്ലാമിക് സെന്ററില്‍ റംസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു.

വിശ്വാസി ആരാധനയില്‍ കൃത്യനിഷ്ഠ പാലിക്കുന്നവനാകണം. ബദര്‍ ലോകത്തിനു നല്‍കുന്ന സന്ദേശം ത്യാഗമാണ്. നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നവരാണു പ്രവാചകന്റെ അനുചരന്മാര്‍. മഹാന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിക്കണം. ഇഹലോകത്തിന്റെ ലാഭങ്ങള്‍ക്കുവേണ്ടി പരലോകത്തെ വിസ്മരിക്കുന്ന കാലമാണിന്നെന്നും അദ്ദേഹം പറഞ്ഞു.

റംസാനിന്റെ അടുത്ത ദിവസങ്ങള്‍ അതി ശ്രേഷ്ഠമായ ദിവസങ്ങളാണ്. ലൈലത്തുല്‍ ഖദ്റിന്റെ ദിവസമാണ് അടുത്ത രാവുകള്‍. ആയിരം മാസങ്ങളുടെ സല്‍കര്‍മങ്ങളുടെ പ്രതിഫലം ഒറ്റ രാത്രികൊണ്ടു ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത രാവുകള്‍ ധന്യമാക്കണം. സാമൂഹിക ജീവിതത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. സംഘര്‍ഷമില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട പ്രവാചകന്‍ തോറ്റുകൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും സന്നദ്ധനായിരുന്നു- അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി ഉദ്ഘാടനം ചെയ്തു. പി.വി. അബൂബക്കര്‍ മൌലവി, മുസ്തഫ ദാരിമി, അബ്ദുള്‍ ലത്തീഫ് സഅദി പഴശി സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള