ഫാമിലി കോണ്‍ഫറന്‍സ്: ടൈംടേബിള്‍ തയാറായി
Tuesday, July 7, 2015 6:47 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലെ പരിപാടികളുടെ സമയ ക്രമങ്ങള്‍ തയാറായി.

ജൂലൈ 15 (ബുധന്‍) മുതല്‍ 18 (ശനി) വരെ അപ്സ്റേറ്റ് ന്യൂയോര്‍ക്കിലുളള ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടിലാണു കോണ്‍ഫറന്‍സ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണു കോണ്‍ഫറന്‍സ് ചെക്ക് ഇന്‍ തുടങ്ങുന്നത്. ആറിനു ഘോഷയാത്ര തുടങ്ങും. വൈകുന്നേരം 7.30ന് അറ്റ്ലാന്റിക് കോണ്‍ഫറന്‍സ് ഹാളില്‍ തിയറ്റര്‍ സ്റൈലില്‍ സെറ്റ് ചെയ്ത ഇരിപ്പിടങ്ങളില്‍ പ്രാര്‍ഥനയോടെ പരിപാടികള്‍ക്കു തുടക്കം. തുടര്‍ന്നു കോണ്‍ഫറന്‍സ് സുവനീര്‍ റിലീസ്, രാത്രി 10 ന് എംജിഒസിഎസ്എം ബോണ്‍ ഫയര്‍, ക്യാംപ് ഫയര്‍. രാത്രി 11ന് ആദ്യ ദിന പരിപാടികള്‍ക്കു സമാപനം.

രണ്ടാം ദിനമായ ജൂലൈ 16 നു (വ്യാഴം) രാവിലെ 6.15നു പ്രാര്‍ഥനയോടെ ദിനാരംഭം. 7.30നു ഡിവോഷണല്‍ അഡ്രസ്. തുടര്‍ന്നു ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും. പ്രഭാതഭക്ഷണത്തിനുശേഷം 8.45നു ക്വയര്‍. ഒമ്പതിന് പസഫിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്കോപ്പ മുതിര്‍ന്നവര്‍ക്കായി പ്രസംഗം നടത്തും. മലേഷ്യയിലെ കുലാലംമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയാണ് അദ്ദേഹം. അതേ സമയത്തുതന്നെ എംജിഒസിഎസ്എമ്മിനുവേണ്ടി അറ്റ്ലാന്റിക് ഹാളില്‍ ഫാ. അജു ഫിലിപ്പ് മാത്യു പ്രഭാഷണം നടത്തുന്നുണ്ട്. ന്യൂയോര്‍ക്ക് വെസ്റ് സേയ് വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ അസിസ്റന്റ് വികാരിയും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ എംജിഒ സിഎസ്എം വൈസ് പ്രസിഡന്റുമാണ് ഫാ. അജു ഫിലിപ്പ്. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടി ഫാ. എബി ജോര്‍ജ് നേതൃത്വം നല്‍കും. ന്യൂയോര്‍ക്ക് ലെവിറ്റ് ടൌണ്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിലെ അസിസ്റന്റ് വികാരിയും ഭദ്രാസന മെത്രാപ്പോലീത്തായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണു ഫാ. എബി ജോര്‍ജ്. തുടര്‍ന്നു എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി ഗ്രൂപ്പു ഡിസ്കഷന്‍ നടത്തും. 12 ന് മധ്യാഹ്ന പ്രാര്‍ഥന. തുടര്‍ന്നു ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടിനു വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള സൂപ്പര്‍ സെഷനുകള്‍ ആരംഭിക്കും. ദേവാലയങ്ങള്‍ക്കുവേണ്ടിയുളള ഫണ്ട് ശേഖരണത്തെക്കുറിച്ച് ജോണ്‍ കോങ്ടണ്‍, പസഫിക് കോണ്‍ഫറന്‍സ് ഹാളില്‍ സംസാരിക്കും. ദി 8 ടോണ്‍സ് ഓഫ് ദി ചര്‍ച്ച് എന്ന വിഷയത്തില്‍ സമ്മിറ്റ് രണ്ടിലും ജീവിത തീരുമാനങ്ങളുടെ അവസാനം എന്ന വിഷയത്തില്‍ അറ്റ്ലാന്റിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ റവ. ഡോ. വര്‍ഗീസ് ഡാനിയലും സംസാരിക്കും.

3.30ന് ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടിലും ക്യാംപ് ഫയര്‍ ഏരിയായിലുമായി സ്പോര്‍ട്സ് മത്സരങ്ങള്‍ നടക്കും. വൈകുന്നേരം ആറിനു ഡിന്നര്‍. തുടര്‍ന്ന് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. ഏഴിന് അറ്റ്ലാന്റിക്ക് ഹാളില്‍ സന്ധ്യാ പ്രാര്‍ഥന. 7.30 ന് അറ്റ്ലാന്റിക്കില്‍ ഡിവോഷണല്‍ അഡ്രസ്. രാത്രി എട്ടു മുതല്‍ വെറൈറ്റി എന്റര്‍ടെയ്ന്‍മെന്റ്സ്.

17 നു (വെളളി) രാവിലെ ഏഴിനു പസഫിക് ഹാളില്‍ മലയാളത്തിലും അറ്റ് ലാന്റിക്ക് ഹാളില്‍ ഇംഗ്ളീഷിലും പ്രഭാതപ്രാര്‍ഥന. 7.45നു ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്നു പ്രഭാതഭക്ഷണം. ഉപവാസം അനുഷ്ഠിക്കുന്നവര്‍ക്കായി ഫാ. എം.കെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ധ്യാനം. ഒമ്പതിന് മുതിര്‍ന്നവര്‍ക്കുവേണ്ടി പസഫിക്ക് ഹാളില്‍ റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്ക്കോപ്പായുടെ പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗം. എംജിഒസിഎസ്എമ്മിനുവേണ്ടി അറ്റ്ലാന്റിക് ഹാളില്‍ ഫാ. എബി ജോര്‍ജ് പ്രസംഗിക്കും. കുട്ടികള്‍ക്കുവേണ്ടി 2.3.4 സമ്മിറ്റുകളില്‍ ഫാ. അജു ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍. 11.45നു മധ്യാഹ്ന പ്രാര്‍ഥന. തുടര്‍ന്നു ഫോട്ടോ സെഷന്‍. ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം രണ്ടിനു സൂപ്പര്‍ സെഷന്‍ രണ്ടാം ഘട്ടം ആരംഭിക്കും. പസഫിക് ഹാളില്‍ 'ഭദ്രാസനങ്ങളുടെ ഭാവി' എന്ന വിഷയത്തില്‍ സുനില്‍ കുര്യന്‍ സംസാരിക്കും. മലങ്കര സഭയുടെ ചരിത്രത്തെ സംബന്ധിച്ച് സമ്മിറ്റ് രണ്ടില്‍ ഫാ. എം.കെ. കുര്യാക്കോസ് സംസാരിക്കും. മൂന്നിനു പസഫിക് ഹാളില്‍ പ്ളീനറി സെഷനാണ്. വൈകുന്നേരം നാലിന് ക്ളര്‍ജി അസോസിയേഷന്‍ സമ്മിറ്റ് രണ്ടില്‍ ചേരും. അത്താഴത്തിനുശേഷം സന്ധ്യാപ്രാര്‍ഥന, ക്വയര്‍ എന്നിവ നടക്കും. 7.45നു മുതിര്‍ന്നവര്‍, ഫോക്കസ്, എംജിഒസിഎസ്എം, ചില്‍ഡ്രന്‍ വിഭാഗത്തില്‍ ധ്യാനയോഗങ്ങള്‍ വിവിധ ഹാളുകളിലായി നടക്കും. 8.30നു കുമ്പസാരം. തുടര്‍ന്നു കുട്ടികള്‍ക്കുവേണ്ടിയുളള ക്രൈസ്തവ ഗാനാലാപനം സമ്മിറ്റ് രണ്ടില്‍ നടക്കും.

സമാപന ദിവസമായ 19നു (ശനി) രാവിലെ വിശുദ്ധ കുര്‍ബാന അറ്റ്ലാന്റിക് ഹാളില്‍ രാവിലെ ഏഴിനു നടക്കും. ഒമ്പതിനു സമാപന സമ്മേളനം. 10 ന് ബ്രഞ്ച്. 11.30നു ചെക്ക് ഔട്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍