സിറിയന്‍ ഓര്‍ത്തഡോക്സ് കുടുംബ സമ്മേളനത്തില്‍ സെമിനാര്‍
Tuesday, July 7, 2015 5:33 AM IST
പെന്‍സില്‍വേനിയ: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ഹോസ്റ് റിസോര്‍ട്ടില്‍വച്ച് നടത്തപ്പെടുന്ന 29-മത് ഫാമിലി ആന്‍ഡ് യൂത്ത് സമ്മേളനത്തില്‍, ഭദ്രാസനത്തില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചുവരുന്ന പാസ്ററല്‍ കെയര്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക സെമിനാര്‍ നടത്തുന്നു.

'സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ കുടുംബ സംവിധാനം' എന്നതാണു സെമിനാറിലെ മുഖ്യചര്‍ച്ചാവിഷയം. ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്ബിഷപ് യല്‍ദോ മോര്‍ തീത്തോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പാസ്ററല്‍ കെയര്‍ സര്‍വീസ് ഡയറക്ടര്‍ റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ മോഡറേറ്ററായിരിക്കും. 'ജോയിന്റ് ഫാമിലി ആന്‍ഡ് ന്യൂക്ളിയര്‍ ഫാമിലി' എന്ന വിഷയത്തെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച നടക്കും. കേരളത്തില്‍ പുരാതനമായി കൂട്ടുകുടുംബ സംവിധാനമാണുനിലനിന്നിരുന്നത്. ആധുനിക കാലഘട്ടത്തില്‍ ഈ കുടുംബ ഘടനയ്ക്ക് ഏറെ മാറ്റങ്ങളുണ്ടായി. കേരളത്തില്‍നിന്നു വടക്കേ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയവര്‍ മാതാപിതാക്കളും, മക്കളും ഉള്‍പ്പെടുന്ന ന്യൂക്ളിയര്‍ കുടുംബങ്ങളായി കഴിയുന്നു. ഈ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുള്ള പ്രമുഖര്‍ സെമിനാറില്‍ സംസാരിക്കുന്നതാണ്.

സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, മനഃശാസ്ത്ര മേഖലയില്‍ പ്രശസ്തരായ ഡോ. സഖറിയ വര്‍ഗീസ്, റവ.ഫാ.ഡോ. രഞ്ജന്‍ മാത്യു (ഡാളസ്), ഡോ. റോയി തോമസ് (ഷിക്കാഗോ), ഡോ. ജേക്കബ് മാത്യു (ഒഹായോ), ഡോ. ഷൈനി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതാണ്. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം