ഐഎന്‍ഒസി കേരള പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ ഓഗസ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍
Tuesday, July 7, 2015 5:33 AM IST
ഷിക്കാഗോ: അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും, അനുഭാവികളുടേയും സംഘടനയായ ഐഎന്‍ഒസി കേരള, ഐഎന്‍ഒസി (ഐ) യുഎസ്എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ചാപ്റ്ററുകളില്‍ ഒന്നാണ്. ഏഴു സംസ്ഥാനങ്ങളിലായി, എട്ടു ചാപ്റ്ററുകളിലായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സി കേരള കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി സജീവമായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ പ്രധാന വേദികള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയവും, കണ്‍ട്രി ഇന്‍ കോണ്‍ഫറന്‍സ് ഹാളുമാണ്.

ഓഗസ്റ് 21-നു വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഗതാഗത-വനം- സ്പോര്‍ട്സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ഡല്‍ഹിയില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, യു.എസ് കോണ്‍ഗ്രസ് മാന്‍, സ്റേറ്റ് സെനറ്റര്‍മാര്‍ എന്നിവരും പങ്കെടുക്കും.

രണ്ടാം ദിവസമായ ശനിയാഴ്ച വിദേശ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളും.

വിവിധ കലാപരിപാടികള്‍, വര്‍ണാഭമായ ഘോഷയാത്ര തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. ഇല്ലിനോയ്സ് ചാപ്റ്ററിന്റെ ആതിഥേയത്തില്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് കണ്‍വന്‍ഷന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുന്നതോടൊപ്പം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോമി അമ്പേനാട്ട് കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിപുലമായ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

ഐഎന്‍ഒസി കേരളാ നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ സജി ഏബ്രഹാം, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിന് അക്ഷീണം പ്രവര്‍ത്തിക്കുന്നു.

നാഷണല്‍ സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ വിവിധ ചാപ്റ്ററുകളില്‍നിന്നുള്ള പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ, ഫ്ളോറിഡ, ജോര്‍ജിയ, ഹൂസ്റണ്‍, ഡാളസ്, ഷിക്കാഗോ എന്നിവടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഓഗസ്റ് 21, 22 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഷിക്കാഗോയിലേയും, സമീപ പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടാകര്‍ കണ്‍വന്‍ഷനിലേക്കു വിനയപൂര്‍വം ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം