മിഡിയോര്‍ അബുദാബി പ്രവര്‍ത്തനമാരംഭിച്ചു
Monday, July 6, 2015 7:26 AM IST
അബുദാബി: ആരോഗ്യരംഗത്ത് അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി മിഡിയോര്‍ അബുദാബി മദിനത് സായിദില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഴ്ച്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും മിഡിയോറിന്റെ എല്ലാ വിഭാഗവും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ വിപിഎസ് ഗ്രൂപ്പ് എംഡി ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള പ്രത്യേക പരിചരണവും ശുശ്രൂഷയും ലഭ്യമാക്കുന്ന വിഭാഗങ്ങള്‍, നവജാത ശിശുക്കള്‍ക്കു മാത്രമായി അത്യാധുനിക സൌകര്യമുള്ള ആംബുലന്‍സ്, മനോരോഗ ചികിത്സാ വിഭാഗം തുടങ്ങി 24 ഓളം വൈദ്യ വിഭാഗങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിപിഎസിന്റെ അബുദാബിയിലെ ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ കാല്‍വയ്പ് പുണ്യറംസാന്‍ മാസത്തില്‍ ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷവും ഡോ. ഷംസീര്‍ പങ്കുവച്ചു. കിടത്തി ചികിത്സിക്കാന്‍ 80 ബെഡുകളും ദിവസം 1,200 ഓളം രോഗികളെ പരിശോധിക്കാനുള്ള ഔട്ട് പേഷ്യന്റ് സൌകര്യവും ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ വിപിഎസ് ഗ്രൂപ്പ് എംഡി ഡോ. ഷംസീര്‍ വയലില്‍, ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലി, എമിറേറ്റ്സ് റെഡ് ക്രെസന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രോയി, സേഹ ചെയര്‍മാന്‍ മുഹമ്മദ് റാഷിദ് അഹമ്മദ് ഖലാഫ് അല്‍ ഹമേലി, ഹമദ് റാഷിദ് ഹമദ് അല്‍ ദഹേരി, മീഡിയോര്‍ സിഇഒ പീറ്റര്‍ സ്ളാബെര്‍ട്ട്സ് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള