ഈസ്റേണ്‍ പ്രൊവിന്‍സ് തൃക്കരിപ്പൂര്‍ മണ്ഡലം കെ.എംസിസി രൂപവത്കരിച്ചു
Monday, July 6, 2015 5:17 AM IST
അല്‍കോബര്‍: രാഷ്ട്രീയ പ്രവര്‍ത്തനം മനുഷ്യത്വത്തിന്റെ അടയാളമാണെന്നു കേരളീയ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പോഷകഘടകമായി ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെഎംസിസികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മാതൃകാപരമാണെന്നും അതിന്റെ പരിപോഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അല്‍ഖോബാര്‍ ഗള്‍ഫ് ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സൌദി കിഴക്കന്‍ മേഖലാ തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി രൂപവത്കരണ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നിരാലംബര്‍ക്ക് ആശ്വാസമേകുന്ന സി.എച്ച്. സെന്ററുകളും, ബൈതുര്‍റഹ്മയും തുടങ്ങി മുസ്ലിം ലീഗും കെഎംസിസികളും നിര്‍വഹിച്ചു പോകുന്ന സേവനങ്ങള്‍ മഹത്തരമാണ്.

നനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ അതി മഹത്തായ പൈതൃകത്തിന്റെ അന്തകരായി മാറിക്കൊണ്ടിരിക്കുന്ന, കുത്തകകള്‍ക്കും സാമ്രാജ്യത്വ ലോബികള്‍ക്കും ഇന്ത്യയെ വില്‍ക്കുവാനൊരുങ്ങുന്ന വര്‍ഗീയ-ഫാസിസ്റ് ശക്തികള്‍ക്കിടയില്‍ ജാതി-മത-വര്‍ഗ ചിന്തകള്‍ക്കതീതമായി മനുഷ്യ സൌഹാര്‍ദങ്ങളുടെ സ്നേഹഗാഥകള്‍ രചിക്കുന്ന മുസ്ലിം ലീഗും കെഎംസിസികളും വ്യതിരിക്തമായി നിലനില്‍ക്കുന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ തൃക്കരിപ്പൂര്‍ പ്രദേശത്തെ മുഴുവന്‍ മനുഷ്യസ്നേഹികളും ഈ മഹാ പ്രവാഹത്തിന്റെ കണ്ണികളാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍.എസ്. ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ കെഎംസിസി അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്ഒ.പി. ഹബീബ് സാഹിബ് ഉത്ഘാടനം ചെയ്തു. വിവിധ കെഎംസിസി കമ്മിറ്റി പ്രതിനിധികളായ സുലൈമാന്‍ കൂലേരി മൊയ്തു വാണിമേല്‍, മൊയ്തുണ്ണി പാലപ്പെട്ടി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെഎംസിസി ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സിദ്ദിഖ് പാണ്ടികശാല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രഥമ ഭാരവാഹികളായി ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ (പ്രസിഡന്റ്) ബഷീര്‍ വള്‍വക്കാട്, അസ്കര്‍ വലിയപറമ്പ (വൈസ് പ്രസിഡന്റ്), പി.എന്‍.എസ്. ഹമീദ് ചെറുവത്തൂര്‍ (ജനറല്‍ സെക്രട്ടറി), ജുനൈദ് നീലേശ്വരം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ആസിം ആമ്പാത്ത്, എന്‍.കെ.സി. അബ്ദുസ്സമദ് കാടംകോട് (ജോയിന്റ് സെക്രട്ടറി), ഹനീഫ സുലൈമാന്‍ പടന്ന (ട്രഷറര്‍) എന്നിവരെ ഐഖ്യകണ്േഠന തെരഞ്ഞെടുത്തു.

മുബാറക് കക്കുന്നം, ഇബ്രാഹിം കടപ്പുറം, അഷ്റഫ് പെരുമ്പട്ട, അഷ്റഫ് വടക്കെ കൊവ്വല്‍, മിദ്ലാജ് വടക്കമ്പാട്, റഫീഖ് നങ്ങാരത്ത്, സഫ്വാന്‍ ഉദിനൂര്‍, ഹസീബ് ഹോസ്ദുര്‍ഗ്, ജുനൈദ് ബീരിച്ചേരി, അസ്രു മാടമ്പില്ലത്ത്, മൊയ്ദീന്‍ വെള്ളാപ്പ്, അഹ്മദ്, നിയാസ്, ഷിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു. സുഹൈല്‍ വടക്കമ്പാട് ഖിറാഅത്ത് നടത്തി. ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ജുനൈദ് നീലേശ്വരം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം