ഇന്ത്യന്‍ നഴ്സസ് ന്യൂജേഴ്സി ചാപ്റ്റര്‍ എജ്യൂക്കേഷനല്‍ കോണ്‍ഫറന്‍സ് വന്‍ വിജയമായി
Monday, July 6, 2015 5:16 AM IST
ന്യൂജേഴ്സി: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ന്യൂജേഴ്സി ചാപ്റ്റര്‍ 2 നേട്ടങ്ങളുടെ പടവുകളിലൂടെ കടന്ന് ന്യൂജേഴ്സിയിലെങ്ങും ശ്രദ്ധിക്കപ്പെടുന്നു. 2006ല്‍ ആരംഭിച്ച് അടുത്ത വര്‍ഷം പത്താം വര്‍ഷത്തിലേക്കു കടക്കുന്ന സംഘടനയുടെ വാര്‍ഷികം ആഘോഷങ്ങളുടെ അകമ്പടിയോടെ നടത്താന്‍ കോണ്‍ഫറന്‍സില്‍ തീരുമാനമായി. ന്യൂജേഴ്സി ചാപ്റ്റര്‍ 2-ന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ദ്വൈവാര്‍ഷിക വിദ്യാഭ്യാസ കോണ്‍ഫറന്‍സിലേക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. റേച്ചല്‍ കോശി എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. ന്യൂജേഴ്സി ലിവിംഗ്സ്റണ്‍ സെന്റ് ബാര്‍ണബസ് മെഡിക്കല്‍ സെന്ററിലെ ഇസ്ളാമി ഓഡിറ്റോറിയത്തില്‍ വച്ച് 13-ാം തീയതി നടന്ന എജ്യുക്കേഷനല്‍ കോണ്‍ഫറന്‍സില്‍ 82 നേഴ്സുമാര്‍ പങ്കെടുത്തു. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നഴ്സുമാര്‍ക്ക് 4.5 മണിക്കൂര്‍ കോണ്‍ടാക്ട് അവേഴ്സ് ലഭ്യമായി.

ഇന്നവേഷനിലൂടെയും ട്രാന്‍സ്ഫര്‍മേഷനല്‍ ലീഡര്‍ഷിപ്പിലൂടെയും പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം, ബെസ്റ് പ്രാക്ടീസസ് ആന്‍ഡ് ഔട്ട്കംസ്, പ്രായമായവരുടെ പരിചരണം, നഴ്സിംഗ് വിദ്യാഭ്യാസത്തിലെ പുതുമകള്‍ എന്തെല്ലാം, ഹാര്‍ട്ട് ഫെയ്ലര്‍ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി.

നഴ്സിംഗ് വിദ്യാഭ്യാസത്തിലെ പുതുസംരംഭങ്ങള്‍, പ്രാക്ടീസ്, ഭരണം തുടങ്ങിയവയായിരുന്നു കോണ്‍ഫറന്‍സിലെ പ്രധാന പ്രതിപാദ്യവിഷയം. അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്റെ നാഷനല്‍ നഴ്സസ് വീക്കിലെ 'എത്തിക്കല്‍ പ്രാക്ടീസ്, ക്വാളിറ്റി കെയര്‍' എന്ന പ്രതിപാദ്യവിഷയത്തില്‍നിന്നാണു കോണ്‍ഫറന്‍സിലെ ഇത്തവണത്തെ പ്രമേയം സ്വീകരിച്ചത്.

ഓരോ സ്ഥാപനങ്ങളിലെ ചികിത്സയെക്കുറിച്ചും രോഗികള്‍ കൈമാറുന്ന റേറ്റിംഗിനനുസരിച്ചാണ് ഉപയോക്താക്കള്‍ പലപ്പോഴും ആ സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. തങ്ങള്‍ക്കു ലഭിക്കുന്ന സേവനത്തിനനുസരിച്ച് ഇഷ്ടപ്പെട്ട ആരോഗ്യശുശ്രൂഷാസ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ട്. രോഗികള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കാന്‍ നഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടു നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഫറന്‍സില്‍ നിര്‍ദേശമുയര്‍ന്നു.

മെച്ചപ്പെട്ട സേവനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കു വന്‍ തുക നല്‍കേണ്ടിവരുമെങ്കിലും ഉപയോക്താക്കള്‍ അത്തരം ആരോഗ്യശുശ്രൂഷാ സ്ഥാപനങ്ങളുടെ സേവനം തിരഞ്ഞെടുക്കാനാണിഷ്ടപ്പെടുന്നതെന്ന് എച്ച്എച്ച്എസ് ഫണ്ടിംഗില്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ റിസര്‍ച്ച് ആന്‍ഡ് ക്വാളിറ്റി (എഎച്ച്ആര്‍ക്യു) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. പണം കുറയുംതോറും ലഭിക്കുന്ന സേവനത്തിന്റെ ഗുണം കുറയുമെന്ന് ഉപയോക്താക്കള്‍ സംശയിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കോണ്‍ഫറന്‍സ് വിലയിരുത്തി.

ചീഫ് നഴ്സിംഗ് ഓഫിസറും സെന്റ് ജോസഫ് റീജണല്‍ മെഡിക്കല്‍ സെന്ററിലെ പേഷ്യന്റ് കെയര്‍ സര്‍വീസസിലെ വൈസ് പ്രഡിഡന്റുമായ ഡോ. മറിയ ബ്രന്നന്‍ കോണ്‍ഫറന്‍സിലെ മുഖ്യപ്രാസംഗികയായിരുന്നു. സെന്റ് ജോസഫിലെ ആര്‍എംസി നഴ്സ് മാനേജര്‍ സുജി തോമസ്, ന്യൂജേഴ്സി സ്റേറ്റ് നഴ്സസ് അസോസിയേഷന്‍ (എന്‍ജെഎസ്എന്‍എ) എജ്യൂക്കേഷനല്‍ സ്പെഷലിസ്റ് ഡോ. ബാര്‍ബറ ചേംബര്‍ലെയ്ന്‍, ക്ളാരമാസ് മെഡിക്കല്‍ സെന്ററിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. മേരി എലന്‍ ക്ളൈന്‍, ന്യൂജേഴ്സി സ്റേറ്റ് നഴ്സസ് അസോസിയേഷന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസേഴ്സായ ഡോ. കോണ്‍സ്റ്റന്‍സ് സെബന്‍ സെന്‍സര്‍, ജൂഡിത്ത് സ്കിമിഡിറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം സഹകരിക്കുന്ന ബാര്‍ണബസ് ഹെല്‍ത്ത് കെയര്‍ സിസ്റം പേഷ്യന്റ് കെയര്‍ സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് നഴ്സിംഗ് ഓഫീസറുമായ നാന്‍സി ഹോള്‍സെകിന്റെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. കോണ്‍ഫറന്‍സ് നടത്താന്‍ നേതൃത്വം നല്‍കിയ ഗവേണിംഗ് ബോഡിക്കും അഡ്വൈസറി ബോര്‍ഡിനും പ്രസിഡന്റ് ഡോ. റേച്ചല്‍ കോശി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍