പതിനേഴാമത് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ടൊറന്റോയില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Saturday, July 4, 2015 3:09 AM IST
ടൊറന്റോ: 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, നാഷണല്‍ കമ്മിറ്റിഅംഗം ബിജു കട്ടത്തറ, ട്രസ്റി ബോര്‍ഡ് മെമ്പര്‍ മാറ്റ് മാത്യൂസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് കുര്യന്‍ പറക്കാനം എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി 25 പേര്‍ അടങ്ങുന്ന ഒരു അഡ്വൈസറി കമ്മിറ്റിയേയും, മലയാളി കമ്യൂണിറ്റിയിലെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്റിയറിംഗ് കമ്മിറ്റിയും, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റിയും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 2015 സെപ്റ്റംബര്‍ 30-നു മുമ്പു രജിസ്റര്‍ ചെയ്യുന്നവര്‍ക്കുവേണ്ടി ഒരു പ്രമോഷണല്‍ റേറ്റ് പ്രസിഡന്റ് ജോണ്‍ പി.ജോണ്‍ പ്രഖ്യാപിച്ചു. ഭാര്യയും ഭര്‍ത്താവും അടങ്ങിയ രണ്ടുപേര്‍ക്ക് 850 യു.എസ് ഡോളറും, ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങിയ നാലു പേര്‍ക്കു ആയിരം ഡോളറുമാണ് പ്രമോഷണല്‍ റേറ്റ്.

2015 സെപ്റ്റംബര്‍ 30-നു ശേഷം സാധാരണ റേറ്റ് ആയിരിക്കും ഈടാക്കുക. രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ംംം.ളീസമിമ.ീൃഴ ീൃ ളീസമിമര്ീിലിശീിേീൃീിീ@ഴാമശഹ.രീാ

അകാലത്തില്‍ മരണമടഞ്ഞ പ്രസിദ്ധ വോളിബോള്‍ താരം ഉദയകുമാര്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള മത്സരം ടൊറന്റോ കണ്‍വന്‍ഷന്‍ മുതല്‍ ഫൊക്കാനാ ഏറ്റെടുത്ത് നടത്തുന്നതും തുടര്‍ന്നു വരുന്ന എല്ലാ കണ്‍വന്‍ഷനുകളിലും മത്സരം നടത്തുന്നതുമാണ്.

യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, ഫൊക്കാനാ സ്റാര്‍ സിംഗര്‍ കോമ്പറ്റീഷന്‍ ഓഫ് ഇന്ത്യ, സ്പെല്ലിംഗ് ബീ കോമ്പറ്റീഷന്‍, മിസ് ഫൊക്കാനാ, മലയാളി മങ്ക തുടങ്ങിയവയും ഉള്‍പ്പെടുത്തിക്കൊണ്ട് ഫൊക്കാനാ ടൊറന്റോ കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കുവാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം