സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സതേണ്‍ റീജണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
Friday, July 3, 2015 7:48 AM IST
അറ്റ്ലാന്റ: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നോര്‍ത്ത് അമേരിക്കയിലെ സതേണ്‍ റീജണില്‍പ്പെട്ട അറ്റ്ലാന്റ, ഡാളസ്, ഹൂസ്റണ്‍ എന്നീ ഇടവകകള്‍ ചേര്‍ന്നു നടത്തി വരുന്ന സതേണ്‍ റീജണല്‍ കോണ്‍ഫറന്‍സ് ജൂണ്‍ 19 നു (വെളളി) വൈകുന്നേരം അഞ്ചു മുതല്‍ 21 (ഞായര്‍) വരെ അറ്റ്ലാന്റായിലുളള ജോര്‍ജിയ എഫ്എഫ്എ സെന്ററില്‍ നടന്നു.

ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിംഗ് ബിഷപ് റവ. ഡോ. സി.വി. മാത്യു കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന പഠന ക്ളാസുകള്‍ക്ക് ബിഷപ് ഡോ. സി.വി. മാത്യുവും സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വര്‍ഷിപ്പ് ഗ്രൂപ്പായ ക്രോസ് പോയിന്റ് ചര്‍ച്ച് ന്യൂജഴ്സിയുടെ പാസ്റര്‍ റവ. ജേക്കബ് യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

'നിങ്ങള്‍ ഒരു യാഥാര്‍ഥ്യവാനോ ? ക്രിസ്തീയതയുടെ പരിശോധന' എന്ന ചിന്താവിഷയത്തെ അധികരിച്ച് യാക്കോബിന്റെ ലേഖനം ആധാരമാക്കി നടന്ന പഠനങ്ങള്‍ അര്‍ഥവത്തും ചിന്തോദ്ദീപകവുമായിരുന്നു. ഗ്രൂപ്പുകളായി ആഴമേറിയ ചര്‍ച്ചകളും നടന്നു. ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഇടവകയില്‍ നിന്നും റവ. നൈനാന്‍ സഖറിയായുടെ നേതൃത്വത്തില്‍ 15ല്‍പരം വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

21നു (ഞായര്‍) രാവിലെ നടന്ന വിശുദ്ധ തിരുവത്താഴ ശുശ്രൂഷയ്ക്ക് പ്രിസൈഡിംഗ് ബിഷപ്പ് മുഖ്യ കാര്‍മികത്വം വഹിച്ച് വചന ശുശ്രൂഷ നിര്‍വഹിച്ചു. റവ. കെ.ബി. കുരുവിള, റവ. നൈനാന്‍ സഖറിയ, റവ. ജേക്കബ് യോഹന്നാന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വളരെ ഭംഗിയായും ചിട്ടയായും ഈ കോണ്‍ഫറന്‍സ് നടത്തി വിജയിപ്പിച്ച ആതിഥേയ അറ്റ്ലാന്റ ഇടവകാംഗങ്ങളെ ബിഷപ് പ്രത്യേകം അഭിനന്ദിച്ചു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി അറ്റ്ലാന്റ ഇടവകയില്‍നിന്നുളള ജൂബിന്‍ തോമസ്, ജെനിന്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി