ഇന്ത്യന്‍ തൊഴിലാളികള്‍ പീഡനത്തില്‍നിന്നു രക്ഷതേടി ബത്ഹയില്‍
Friday, July 3, 2015 6:59 AM IST
റിയാദ്: വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ കമ്പനി അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട് ബത്ഹയിലെത്തി സാമൂഹ്യ പ്രവര്‍ത്തകരില്‍ അഭയം തേടി.

ദമാമിലെ ഒരു കരാര്‍ കമ്പനിയുടെ ജോലിക്കാരായ ഇവര്‍ നിലവിലെ കരാര്‍ കാലാവധി അവസാനിപ്പിച്ച് കൊടിയ ദുരിതം ഏറ്റുവാങ്ങിയവരാണ്. തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്റിന്റെ വീസയില്‍ വന്ന ഇവര്‍ ആദ്യം ദമാമിനും ജുബൈലിനും ഇടയിലെ മരുഭൂമിയില്‍ ഇരുമ്പുപൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലിയിലാണ് ആദ്യം നിയോഗിക്കപ്പെട്ടത്. ജോലിഭാരം കാരണം പണിയെടുക്കാന്‍ വിസമ്മതിച്ച ഇവരെ ശാരീരിക പീഡനമേല്‍പ്പിച്ചാണത്രേ തൊഴിലെടുപ്പിച്ചത്.

അവിടെ ജോലി അവസാനിച്ചപ്പോള്‍ തൊഴിലാളികളുടെ സമ്മതമില്ലാതെതന്നെ റിയാദിലെ മറ്റൊരു കരാര്‍ കമ്പനിക്കു കൈമാറുകയായിരുന്നത്രേ. ബുധനാഴ്ചയാണ് ഇവര്‍ ദരയ്യയിലെ പുതിയ താവളത്തിലെത്തുന്നത്. പുതിയ കരാര്‍ വേണ്െടന്നും എത്രയും പെട്ടെന്നു നാട്ടിലയയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ നിര്‍ബന്ധിച്ച് കരാര്‍ ഒപ്പിടുവിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയായിരുന്നു. കിലോമീറ്ററുകള്‍ നടന്ന് പിന്നീട് ടാക്സി പിടിച്ചുമാണ് ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ ബത്ഹയിലെത്തുന്നത്. തിരുവനന്തപുരം സ്വദേശികളായ ചന്ദ്രന്‍, സുഭാഷ്, സുജിത്, വിപിന്‍, പ്രകാശന്‍, രാജീവ് മോന്‍, ദയാനന്ദന്‍, സജി മോഹനന്‍ തുടങ്ങിയവരാണു സംഘത്തിലുള്ള മലയാളികള്‍. ബാക്കിയുള്ളവരെല്ലാം ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. അധികം പേരുടെയും ഇഖാമ കാലാവധി അവസാനിച്ചിട്ടുണ്ട്. എല്ലാവരുടെയും ഇഖാമ പുതിയ കമ്പനി അധികൃതരുടെ കൈവശമാണ്. അലച്ചിലും മാനസിക വിഷമവും ഭക്ഷണമില്ലായ്മയും കാരണം തൊഴിലാളികളെല്ലാം അവശരാണ്. പലരും രോഗബാധിതരുമാണ്. ഇത്രയും പേര്‍ക്ക് എവിടെ അഭയം നല്‍കും എന്നറിയാതെ കുഴങ്ങുകയാണു സാമൂഹികപ്രവര്‍ത്തകര്‍. ഭക്ഷണം നല്‍കാന്‍ അവര്‍ തയാറാണ്.

വ്യാഴാഴ്ച രാവിലെ തൊഴിലാളികളെ സാമൂഹികപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു. തിരിച്ചറിയല്‍ രേഖ നല്‍കാം, അഭയം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എംബസി അധികൃതര്‍. കിഷോര്‍, ഇ. നിസാം, ഉദയഭാനു, ഖലീല്‍, വിക്രമലാല്‍ തുടങ്ങിയ മലയാളി സാമൂഹിക പ്രവര്‍ത്തകരാണു സഹായവുമായി രംഗത്തെത്തിയത്. എംബസി കരുണയും സാമൂഹിക സംഘടനകളും, സാമൂഹികപ്രവര്‍ത്തകരും സഹായിക്കാന്‍ എത്തും എന്നീ പ്രതീക്ഷയിലാണ് ദുരിതബാധിതര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍