ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം; ഇന്ത്യന്‍ ഗ്രാമങ്ങള്‍ വികസന പാതയിലേക്ക്: ഡിസിഎം
Friday, July 3, 2015 6:57 AM IST
റിയാദ്: കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷങ്ങള്‍ ശുഭസൂചകമാണെന്നും ഇന്ത്യന്‍ ഗ്രാമങ്ങള്‍ വികസനത്തിന്റെ പാതയില്‍ വന്‍കുതിച്ചുചാട്ടത്തിനു തയാറെടുക്കുകയാണെന്നും ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ഹേമന്ത് കോട്ടേല്‍വാര്‍ പറഞ്ഞു.

ഇന്ത്യയിലെ മുന്‍നിര വ്യവസായികള്‍ പങ്കെടുത്ത ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയിലെ രണ്ടര ലക്ഷം ഗ്രാമങ്ങള്‍ താമസിയാതെ ബ്രോഡ്ബന്‍ഡ് കണക്ഷനു കീഴില്‍ വരുമെന്നാണ്. വിപ്ളവകരമായ മാറ്റമായിരിക്കും ഇതിലൂടെ സാധ്യമാവുക. സമാധാനവും പരസ്പര സ്നേഹവും നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ഗ്രാമങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് പിന്നോക്ക പ്രദേശങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് ഡിസിഎം അഭിപ്രായപ്പെട്ടു.

ഇലക്ട്രോണിക് രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക, ഡിജിറ്റല്‍ ഉള്ളടക്കം കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിടുന്നതാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. വിവര സാങ്കേതിക വിദ്യയില്‍ ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒന്നാമതെത്തിക്കുമെന്ന വിവിധ പദ്ധതികള്‍ ഇതിനു കീഴില്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ജൂലൈ ഒന്നു മുതല്‍ ഏഴു വരെയാണ് ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം. നവസാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും അവയെ ഉള്‍ക്കൊള്ളാനൊരിടം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. ഈ സന്ദേശം ലോകത്തിലെ വിവിധ കോണുകളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ വാര്‍ത്താസമ്മേളനമെന്നും പ്രവാസി വ്യവസായികളടക്കമുള്ളവര്‍ ഇതിനു എല്ലാ പിന്തുണയും നല്‍കുന്നുണ്െടന്നും ഹേമന്ത് കോട്ടേല്‍വാര്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസിയിലെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗം സെക്കന്റ് സെക്രട്ടറി ഡേ. ഹിഫ്സുര്‍ റഹ്മാനും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍