സൌത്ത് വെസ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു ജൂലൈ എട്ടിനു തിരശീല ഉയരും
Friday, July 3, 2015 5:39 AM IST
ഡാളസ്: വിശ്വാസദീപ്തിയുടെ നിറവില്‍ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു ജൂലൈ എട്ടിനു തുടക്കമാകും. ഭദ്രാസനാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശാലമായ ഒരുക്കങ്ങളാണു നടന്നുവരുന്നത്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍വച്ചാണ് നാലുദിന കോണ്‍ഫറന്‍സ് നടക്കുന്നത്.

പരിശുദ്ധ കാതോലിക്കാ ബാവായുടെ സാന്നിധ്യം ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. സഭാ വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. വര്‍ഗീസ് വര്‍ഗീസ് എന്നിവരാണു പ്രധാന പ്രാസംഗികര്‍.

'ഭവനം ഒരു ദേവാലയം' എന്ന സന്ദേശമാണു കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. പ്രത്യേകമായി തെരഞ്ഞെടുത്ത ചിന്താവിഷയങ്ങള്‍ അടങ്ങിയ സൂപ്പര്‍ സെഷനുകള്‍ ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്.

ജൂലൈ എട്ടാംതീയതി (ബുധനാഴ്ച) രണ്ടു മുതല്‍ 5.30 വരെ രജിസ്ട്രേഷന്‍ ചെക്ക്-ഇന്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ സൌകര്യവും ഉണ്ടായിരിക്കും. അതിനുശേഷം ഘോഷയാത്രയും, സന്ധ്യാനമസ്കാരവും തുടര്‍ന്ന് ഉദ്ഘാടനസമ്മേളനം, ഭദ്രാസന ഡയറക്ടറി പ്രകാശനവും 9 മണിക്ക് മാജിക് ഷോയും നടക്കും.

രണ്ടാം ദിവസമായ ജൂലൈ ഒമ്പതാം തീയതി യാമപ്രാര്‍ഥനയ്ക്കുശേഷം മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രഭാഷണം ഉണ്ടായിരിക്കും. വൈകുന്നേരം 8.30 മുതല്‍ ഹൂസ്റണ്‍ സരിഗമ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്.

മൂന്നാം ദിവസമായ ജൂലൈ പത്താം തീയതി വൈദിക യോഗം, ബെസ്കിയാമ്മ യോഗം, മാര്‍ത്തമറിയം യോഗം, യുവജനപ്രസ്ഥാനം മീറ്റിംഗ്, ഫോക്കസ് യോഗം, എംജിഒസിഎസ്എം യോഗങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

നാലാം ദിവസമായ ജൂലൈ പതിനൊന്നിനു (ശനിയാഴ്ച) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സ്നേഹവിരുന്നോടുകൂടി കോണ്‍ഫറന്‍സിനു തിരശീല വീഴും. കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ. മാത്യു അലക്സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലിജിത്ത് മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നു.

വിവിധ കമ്മിറ്റികളില്‍ ഡാളസിലെ വിവിധ ദേവാലയങ്ങളിലെ വികാരിമാരും അല്മായരും പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായി ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് ആയി ഇതു മാറും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം