അരുവിക്കരയിലെ ജനങ്ങളെ അവഹേളിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം: സൌദി കെഎംസിസി
Thursday, July 2, 2015 8:04 AM IST
റിയാദ്: യുഡിഎഫിന്റെ അമ്പരപ്പിക്കുന്ന വിജയത്തിന്റെ പേരില്‍ അരുവിക്കരയിലെ ജനങ്ങളെ മദ്യപാനികളും കാശിനുവേണ്ടി വിലപേശുന്നവരുമാക്കി അവതരിപ്പിച്ച് അവഹേളിച്ച സിപിഎം നേതൃത്വം ആ മണ്ഡലത്തിലെ വോട്ടു ചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും അപമാനിക്കുകയാണു ചെയ്തതെന്നു കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

യുഡിഎഫിന്റെ വിജയത്തില്‍ അരിശംപൂണ്ട് ഒരു മണ്ഡലത്തിലെ ജനങ്ങളെ മൊത്തം അപമാനിക്കുന്ന ശൈലി സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണു വിളിച്ചോതുന്നത്.

അരുവിക്കരയിലെ ജനങ്ങള്‍ സാക്ഷരരല്ലെന്നും പത്രം വായിക്കാന്‍ അറിയാത്തവരാണെന്നുമുള്ള കണ്ടുപിടുത്തം പരാജയഭാരത്തില്‍നിന്നുണ്ടായ അപഹാസ്യ നിലപാടാണ്. യുഡിഎഫ് സര്‍ക്കാരിന് അനുകൂലമായ വിധിയെഴുത്താണ് അരുവിക്കരയില്‍ സംഭവിച്ചതെന്നും വിവാദങ്ങള്‍ക്കു പകരം വികസനവും സ്വൈര്യജീവിതവുമാണു ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മദ്യനിരോധനം കൊണ്ടുവരാന്‍ ആര്‍ജവം കാട്ടിയ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയ്ക്ക് അരുവിക്കരയിലെ സ്ത്രീ വോട്ടര്‍മാര്‍ ഉറച്ച പിന്തുണ നല്‍കിയതാണു വിജയത്തിലെ മറ്റൊരു ഘടകമെന്നും നാഷണല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

ശബരീനാഥനു തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച അരുവിക്കരയിലെ വോട്ടര്‍മാരെ കെഎംസിസി പ്രത്യേകം അഭിനന്ദിച്ചു. വിവാദങ്ങള്‍ നിരത്തി വോട്ടര്‍മാരെ നേരിട്ട ഇടതു മുന്നണിയും വര്‍ഗീയത പ്രചരിപ്പിച്ചു ജനമനസുകളെ മലിനമാക്കാന്‍ രംഗത്തിറങ്ങിയ ബിജെപിയെയും ജനം നേരിട്ട വേറിട്ട ശൈലിയാണു ഭൂരിപക്ഷം വര്‍ധിക്കാന്‍ കാരണം.

യുഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ എല്ലാ അടവുകളും പയറ്റിയിട്ടും പരാജയപ്പെട്ടപ്പോഴാണ് അരുവിക്കരയെ അപമാനിക്കാന്‍ സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയതെന്നും കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് പി.ടി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍