'ദൈവത്തിന്റെ പ്രണയസംവാദമാണു ഖുര്‍ആന്‍'
Wednesday, July 1, 2015 8:21 AM IST
ജിദ്ദ. പരിശുദ്ധ ഖുര്‍ആന്‍ തന്റെ ഭക്തരോട് അല്ലാഹു നടത്തുന്ന പ്രണയ സംവാദമാണെന്നും അങ്ങനെ അതിനെ സമീപിക്കുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും ആസ്വാദ്യകരവുമാകുമെന്നു യുവ പണ്ഡിതന്‍ റാഷിദ് ഗസാലി. ശറഫിയ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിച്ച 'ഖുര്‍ആനിന്റെ സാഹിത്യ സൌന്ദര്യം' എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു. ലോകത്ത് സമാനതകളില്ലാത്തതും തര്‍ക്കങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ ഇടം നല്‍കാത്തതും ഏതു കാലഘട്ടത്തോടും തിരുത്തലുകളില്ലാതെ സംവദിക്കുന്നതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ ആണെന്നും അദേഹം പറഞ്ഞു. ഏതൊരു ഗ്രന്ഥത്തിന്റെയും ആസ്വാദനം വായനക്കാരന്റെ അഭിരുചിക്കും സ്വാതന്ത്യ്രത്തിനും അനുസരിച്ചാണെന്നും എന്നാല്‍, ഖുര്‍ആന്‍ അറബി ഭാഷയിലായതിനാല്‍ അറബി ഭാഷയില്‍ പ്രവീണ്യം നേടിയുള്ള ആസ്വാദനവും പരിഭാഷയിലൂടെ ലഭിക്കുന്ന ആശയവും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യസൃഷ്ടികള്‍ക്കുണ്ടാകേണ്ട ഘടകങ്ങളായ കാല്‍പ്പനികത, ആത്മകഥാംശം, സഞ്ചാരം, കവിത, നാടകീയത എന്നിവയെല്ലാം ഉദാത്തമായ അളവില്‍ ഉള്‍കൊണ്ട ഏറ്റവും മികച്ച സാഹിത്യ സൃഷ്ടിയും സംഗീതാത്മക കൂടിയാണ ഖുര്‍ആന്‍ എന്നു ഗോപി നെടുങ്ങാടി 'ഖുര്‍ആനിന്റെ സാഹിത്യ സൌന്ദര്യം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദാഹരണസഹിതം പറഞ്ഞു.

കൊമ്പന്‍ മൂസ സ്വാഗതവും അരുവി മോങ്ങം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍