ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു
Wednesday, July 1, 2015 7:05 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയില്‍, ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും ഫാ. ബൈജു കളപ്പുരയിലിന്റെ സഹകാര്‍മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടൊപ്പം വുമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പിതൃദിനവും ആഘോഷിച്ചു.

ആഘോഷകരമായ വിശുദ്ധ കുര്‍ബാനയില്‍ ഫാ. മുത്തോലത്ത് ഇടവകയിലെ എല്ലാ പിതാക്കന്മാരേയും അനുമോദിക്കുകയും അവര്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും നന്ദിപറയുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുയും ചെയ്തു. വചന സന്ദേശത്തില്‍, സ്വര്‍ഗസ്ഥനായ നമ്മുടെ പിതാവിനു നമ്മോടുള്ള അതിരറ്റ സ്നേഹത്തെപ്പറ്റിയും നമ്മെ സ്വര്‍ഗരാജ്യത്തിന് അവകാശികളാക്കുവാന്‍വേണ്ടി തന്റെ ഏകജാതനെത്തന്നെ ലോകത്തിനു നല്‍കിയതിനെപ്പറ്റിയും മക്കള്‍ക്കു കാണപ്പെട്ട ദൈവത്തിന്റെ സ്ഥാനത്തുള്ള പിതാക്കന്മാര്‍ ജീവിത വിശുദ്ധിയില്‍ നടക്കേണ്ടതിനേപ്പറ്റിയും പ്രതിപാദിച്ചു.

തുടര്‍ന്നു പിതാക്കന്മാര്‍ക്കുവേണ്ടി വുമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വിവിധതരം മത്സരങ്ങള്‍ നടത്തി. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ ഹാനാ ചേലക്കലും സാനിയ കോലടിയും പിതാക്കന്മാരെ അനുസ്മരിച്ചത് ഹ്യദയസ്പര്‍ശിയായിരുന്നു. ഫാ. ഏബ്രാഹം മുത്തോലത്ത് പാരീഷ് എക്സിക്യൂട്ടീവിനോടും വുമണ്‍സ് മിനിസ്ട്രിയോടും ചേര്‍ന്ന് കേക്കു മുറിച്ച് മധുരം പങ്കുവക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വുമണ്‍സ് മിനിസ്ട്രിയുടേയും നേതൃത്വത്തില്‍ തയാറാക്കിയ നാടന്‍ ഭക്ഷണവും തയാറാക്കി.

പിതൃദിനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വുമണ്‍സ് മിനിസ്ട്രിയിലെ എല്ലാവര്‍ക്കും പ്രത്യേകിച്ച് ബീന ഇന്‍ഡിക്കുഴി, ഡെന്നി പുല്ലാപ്പള്ളി, നീത ചെമ്മാച്ചേല്‍, ടീന കോലടി എന്നിവര്‍ക്കും വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി