മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ ജന്മദിനാഘോഷങ്ങള്‍ക്ക് കൊളോണിയ മാര്‍ത്തോമ ദേവാലയം വേദിയായി
Wednesday, July 1, 2015 6:54 AM IST
മെക്സിക്കോ: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ജന്മദിനം കൊളോണിയ മാര്‍ത്തോമ ദേവാലയത്തില്‍ ആഘോഷിച്ചു.

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന മെക്സിക്കോയിലെ തദ്ദേശിയരായ വിശ്വാസികള്‍ ആരാധന നടത്തിവരുന്ന കൊളോണിയ മാര്‍ത്തോമ ദേവാലയത്തില്‍ സംഘടിപ്പിച്ച 85-ാമത് ജന്മദിനാഘോഷ പരിപാടികള്‍ വേറിട്ടതായി.

ജന്മദിനാഘോഷ പരിപാടിയില്‍ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. വര്‍ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്കോപ്പ, മാത്തമോറസ് സിറ്റി മേയര്‍, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. ഡോ. സജു മാത്യു, റവ. ബിജു പി. സൈമണ്‍, റവ. ഡെന്നീസ് മാത്യു, റവ. മാത്യൂസ് ഫിലിപ്പ്, ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ്, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

കൊളോണിയ മാര്‍ത്തോമ ദേവാലയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വെക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ മെത്രാപ്പോലീത്ത സന്ദര്‍ശിക്കുകയും കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തു.

മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ സന്ദര്‍ശനവും ജന്മദിനാഘോഷവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കൊളോണിയ മാര്‍ത്തോമ ഇടവക വിശ്വാസികള്‍ക്കു മെത്രാപ്പോലീത്ത പ്രാര്‍ഥനകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം