ജൂലൈ രണ്ടിനു കെഎച്ച്എന്‍എ സംഗമത്തിനു കൊടിയേറും
Wednesday, July 1, 2015 4:56 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തിനു ജൂലൈ രണ്ടാം തീയതി കൊടിയേറും. ഡാളസിലുള്ള ഹയാത്ത് റീജന്‍സി എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ചായിരിക്കും ജൂലൈ മൂന്നു മുതല്‍ ആറുവരെ ഹിന്ദു മഹാസംഗമം അരങ്ങേറുന്നത്.

പ്രമുഖരായ മതാചാര്യന്മാര്‍, മതനേതാക്കള്‍, സാമൂഹ്യ സാംസ്കാരിക നേതാക്കള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ഈ സംഗമത്തില്‍ പങ്കെടുക്കുന്നതാണ്. ശ്രീശ്രീ രവിശങ്കര്‍, സ്വാമി ചിദാനന്ദപുരി, സ്വാമി ഗുരുപ്രദാസ്, സ്വാമി ഗുരുരത്നം, കുമ്മനം രാജശേഖരന്‍, സി. രാധാകൃഷ്ണന്‍, രാജു നാരായണ സ്വാമി, ഡോ. ഗോപാലകൃഷ്ണന്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

മെഡിറ്റേഷന്‍, യോഗ, ആത്മീയ സെമിനാറുകള്‍, ബിനസിനസ് സെമിനാര്‍, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സെമിനാറുകള്‍, യുവമേള, മൈന്റ് പവര്‍ ട്രെയിനിംഗ്, വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍, ഫാഷന്‍ഷോ, മീഡിയ സെമിനാര്‍, ഫ്യൂഷന്‍ സ്റേജോ ഷോ, പേഴ്സണല്‍ ഡവലപ്മെന്റ് ട്രെയിനിംഗ്, കുട്ടികള്‍ക്കായുള്ള സ്പിരിച്വല്‍ ക്യാമ്പ്, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ബാലഭാസ്കര്‍ ടീമിന്റെ സ്റേജ്ഷോ, ഷിക്കാഗോ ഓംകാരം അവതരിപ്പിക്കുന്ന ചെണ്ടമേളം തുടങ്ങി മറ്റനേകം പരിപാടികള്‍ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ഗണേശ് നായര്‍ അറിയിച്ചു.

കണ്‍വന്‍ഷനുവേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഏവരുടെയും ആത്മാര്‍ഥമായ സഹകരണം എപ്പോഴും ഉണ്ടായിരിക്കണമെന്നു പ്രസിഡന്റ് ടി.എന്‍. നായര്‍ അഭ്യര്‍ഥിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം