കുവൈറ്റില്‍ കെകെഐസി എംഎസ്എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജൂലൈ മൂന്നിന്
Tuesday, June 30, 2015 8:26 AM IST
കുവൈറ്റ്: 'വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗദീപം' എന്ന പ്രമേയത്തില്‍ എംഎസ്എം കേരളത്തില്‍ നടപ്പാക്കി വരുന്ന 19-ാമത് വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കുവൈറ്റിലും സംഘടിപ്പിക്കുമെന്നു കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എംഎസ്എം പരിശുദ്ധ റംസാനില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കേരളത്തിനു പുറത്ത് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു കുവൈറ്റിലും സംഘടിപ്പിക്കുന്നത്.

ജൂലൈ മൂന്നിനു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ 10.30 വരെ കുവൈറ്റിലെ അബാസിയ, ഹവല്ലി, മംഗഫ്, ജഹറ എന്നീ നാലു കേന്ദ്രങ്ങളിലാണു പരീക്ഷ സംഘടിപ്പിക്കുന്നത്. മര്‍ഹൂം മുഹമ്മദ് അമാനി മൌലവി രചിച്ച ഖുര്‍ആന്‍ പരിഭാഷയുടെ അടിസ്ഥാനത്തില്‍ പരിശുദ്ധ ഖുര്‍ആനിലെ ഒന്നാം ജുസ്അ് (സൂറത്തുല്‍ ഫാത്വിഹ, സൂറത്തുല്‍ ബഖറ 1141) ആണ് സിലബസായി തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8.45നു പരീക്ഷാ കേന്ദ്രങ്ങളായ അബാസിയ, ഹവല്ലി, മംഗഫ്, ജഹറ, എന്നിവിടങ്ങളില്‍ നേരിട്ടു ഹാജരാവേണ്ടതാണ്. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നു സെന്റര്‍ ഖുര്‍ആന് ഹദീസ് ലേണിംഗ് വിഭാഗം സെക്രട്ടറി അബ്ദുള്‍ അസീസ് നരക്കോട് അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97162805, 99972340, 24342698, 23915217.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍