കുവൈറ്റ് വൈദ്യ പരിശോധന: ഗാംകയെ ചുമതലയേല്‍പ്പിച്ചു
Tuesday, June 30, 2015 8:25 AM IST
കുവൈറ്റ്: കുവൈറ്റിലേക്കു വൈദ്യ പരിശോധനയ്ക്ക് വരുന്നവരില്‍നിന്ന് അമിതമായ ഫീസ് വാങ്ങിയതിനെത്തുടര്‍ന്നു ഖദാമാത്ത് ഇന്റഗ്രേറ്റഡ് സൊലുഷന്‍ കമ്പനിയെ കുവൈറ്റ് സര്‍ക്കാര്‍ ഒഴിവാക്കി.

ഇന്നുമുതല്‍ ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ (ഗാംക) ഏജന്‍സിയെ വീണ്ടും ചുമതലയേല്‍പ്പിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു.

കേരളത്തിലെ 24 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നൂറോളം വൈദ്യപരിശോധനാ കേന്ദ്രങ്ങള്‍ ഗാംകയ്ക്ക് കീഴിലുണ്ട്. 3,600 രൂപയായിരുന്നു ഇവര്‍ ഈടാക്കിയിരുന്ന നിരക്ക്. മൂന്നുമാസം മുമ്പ് വൈദ്യപരിശോധനാനുമതി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് നേടിയ ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പരിശോധനാ നിരക്ക് ഒറ്റയടിക്ക് 24,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ മാത്രമാണ് ഇവര്‍ക്കു പരിശോധന കേന്ദ്രങ്ങളുള്ളത്. സ്വന്തമായി മെഡിക്കല്‍ ലാബില്ലാത്ത ഇവര്‍, വൈദ്യപരിശോധനയ്ക്കു പുറത്തുള്ള ലാബുകളെ ആശ്രയിക്കുകയായിരുന്നു. കുവൈറ്റിലേക്കു തൊഴില്‍, ഗാര്‍ഹിക വീസകളിലും കുടുംബ ആശ്രിത വീസയിലും വരാനാഗ്രഹിക്കുന്നവര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ ബന്ധപ്പെട്ടവര്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു അംബാസഡര്‍ സുനില്‍ ജെയിന്‍ കുവൈറ്റ് അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെകൂടി ഫലമായാണു ഖദാമത്തിനെ ഒഴിവാക്കിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍