വിശ്വാസികള്‍ ഖുര്‍ആനുമായി കൂടുതല്‍ അടുക്കണം: കാന്തപുരം
Tuesday, June 30, 2015 8:24 AM IST
ദുബായി: വിശുദ്ധ റംസാനില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും ഖുര്‍ആനിക ജീവിതം നയിക്കാനും മുസ്ലിം സമൂഹം തയാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിഅ മര്‍ക്കസ് ചാന്‍സലറുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. റാഷിദിയ ഫുലാദ് മസ്ജിദില്‍ റംസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ലാഹുവില്‍നിന്നുള്ള വചനങ്ങളാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അതി മഹത്തായ ആരാധനയായി നാം കാണണം. ഭൌതികവും പാരത്രികവുമായ നിരവധി പ്രയോജനങ്ങള്‍ പാരായണം ചെയ്യുന്ന വ്യക്തികള്‍ക്കും കേള്‍ക്കുന്നവനും പാരായണം ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും ലഭിക്കുമെന്നതു വിശുദ്ധ ഖുര്‍ആനിന്റെ വളരെ വലിയ സവിശേഷതയാണ്.

യുഎഇ രാഷ്ട്രശില്പിയായ മര്‍ഹൂം ഷേയ്ഖ് സായിദിന്റെ പാരത്രിക മോക്ഷത്തിനായി കോഴിക്കോട് മര്‍ക്കസും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് 3000 തവണ ഖുര്‍ആന്‍ ഖത്മ് (പൂര്‍ത്തീകരണം) ചെയ്യുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ഡോ. എ.പി. അബ്ദുള്‍ ഹകീം അസ്ഹരി, പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി, അബ്ദുള്‍ റഹ്മാന്‍ ദാരിമി ചിയ്യൂര്‍, സമീര്‍ ഓമച്ഛപ്പുഴ, അബ്ദുസലാം സഖാഫി എരഞ്ഞിമാവു, ടി.പി. അലി മദനി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ, ആലപ്പുഴ