'ഇഹലോക ജീവിതത്തിന്റെ പരമമായ ലക്ഷ്യം ശാശ്വതമായ മോക്ഷപ്രാപ്തി'
Monday, June 29, 2015 7:23 AM IST
ജുബൈല്‍: ഇഹലോക ജീവിതത്തിന്റെ പരമമായ ലക്ഷ്യം ശ്വാശതമായ മോക്ഷ പ്രാപ്തിയാണെന്നും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തി വിജയികളുടെ കൂട്ടത്തിലുള്‍പ്പെടാനുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവുമായിരിക്കണം റംസാന്‍ മാസത്തില്‍ ഉണ്ടാവേണ്ടതെന്നും അബ്ദുള്‍ ലത്തീഫ് കരുനാഗപ്പള്ളി പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റംസാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പുതിയൊരു ആകാശവും ഭൂമിയും നമുക്കുവേണ്ടി കരുതിവച്ചിട്ടുണ്െടന്നും ശാശ്വതമായ ആ ലോകം വിജയികള്‍ക്ക് പരമമായ സുഖവും പരാജിതര്‍ക്കു ദുര്‍ഘടവുമായിരിക്കുമെന്നും നമ്മെ അറിയിച്ചത് സ്രഷ്ടാവാണ്. ഒരു വര്‍ഷത്തെ എല്ലാ സവിശേഷതകളുടെയും അന്തസത്ത ഉള്‍കൊണ്ട മാസമാണു റംസാന്‍. വിശ്വാസിയുടെ മാര്‍ഗദര്‍ശകമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം. പ്രവാചകന്റെ പ്രബോധനകാലത്തെ ധര്‍മസമരങ്ങളുടെ ത്യാഗോജ്വല ഓര്‍മകളും റംസാന്‍ മാസത്തിനുണ്ട്. സത്യവും അസത്യവും തമ്മില്‍ സംഘടനത്തിലേര്‍പ്പെടുകയും സത്യം വിജയം വരിക്കുകയും ചെയ്ത ബദറിന്റെ ഉജ്വല സ്മരണകളും ഈ മാസത്തിനുണ്ട്. ഏറ്റവും സവിശേഷതയുള്ള വിധി നിര്‍ണയ രാവും റംസാനിലാണ്. ആത്മസമര്‍പ്പണം കൊണ്ട് ആയിരമാണ്ടുകളുടെ ആനന്ദാനുഭൂതി ലഭിക്കുന്ന രാവുകളെ ജീവിതത്തില്‍ ആര്‍ജിക്കാന്‍ വിശ്വാസികള്‍ പ്രയത്നിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഐഎസ്എഫ് ജുബൈല്‍ പ്രസിഡന്റ് മമ്മൂട്ടി വയനാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം സാദിഖി, സെക്രട്ടറി നാസര്‍ കൊടുവള്ളി, ഇഖ്ബാല്‍ മൌലവി (തമിഴ്നാട് ചാപ്റ്റര്‍), അബൂബക്കര്‍ സിദ്ദിഖ്(കര്‍ണാടക ചാപ്റ്റര്‍), സലീം ഉടുപ്പി (ഡല്‍ഹി ചാപ്റ്റര്‍), അഡ്വ. ആന്റണി (ഒഐസിസി), ടി.എ. തങ്ങള്‍ (നവയുഗം), അനസ് മാള (യൂത്ത് ഇന്ത്യ), സജീദ് പാങ്ങോട് (ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം), ഇബ്രാഹിംകുട്ടി ആലുവ (ക്ഷോബല്‍ മലയാളി കൌണ്‍സില്‍), റഹീം പെരുമ്പാവൂര്‍ (ടോസ്റ് മാസ്റേഴ്സ്), നൂഹ് പാപ്പിനിശേരി, അഷറഫ് മൂവാറ്റുപുഴ, ടി.പി. റഷീദ്, ജയന്‍ തച്ചുംപാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാസര്‍ പെരുമ്പാവൂര്‍ സ്വാഗവും സുബൈര്‍ റാവുത്തര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം