സൌദി മത്സ്യബന്ധന മേഖലയില്‍ സ്വദേശിവത്കരണം ഒഴിവാക്കില്ല: തൊഴില്‍ മന്ത്രാലയം
Sunday, June 28, 2015 4:04 AM IST
ദമാം: സൌദിയിലെ മത്സ്യബന്ധനമേഖലയില്‍ സ്വദേശിവത്കരണ പദ്ധതി ഒഴിവാക്കാന്‍ ഉദ്ദേശമില്ലന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു. മത്സ്യബന്ധന മേഖലിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കു അഞ്ചു ഇടത്തരം സ്ഥാപനങ്ങള്‍ക്കു ആറും വലിയസ്ഥാപനങ്ങള്‍ക്കു 14 ശതമാനവുമാണ് സ്വദേശി വത്കരണത്തിന്റെ ആനുപാതമെന്നു തൊഴില്‍ മന്ത്രാലയ വക്താവ് തയ്സീര്‍ അല്‍ മുഫ്രിജ് അറിയിച്ചു.

നിലവില്‍ ഈ മേഖലയില്‍ സ്വദേശിവത്കരണ തോത് കുറയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് അല്‍ മുഫ് രിജ് പറഞ്ഞു. സൌദിയിലെ ഏതൊരു തൊഴിലിന്റെയും യഥാര്‍ഥ അവകാശം സ്വദേശികള്‍ക്കാണ്. മത്സ്യവിപണന മേഖലയില്‍ സ്വദേശിവത്കരണം ഒഴിവാക്കണമെന്നു ചില കേന്ദ്രങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം, മത്സ്യബന്ധനത്തിനു കൂടുതല്‍ ബോട്ടുകള്‍ക്കു ലൈസന്‍സ് അനുവദിക്കില്ലന്നു കാര്‍ഷിക മന്ത്രാലയം അറിയിച്ചു. കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനത്തിനു അനുവദിക്കുന്നതുമൂലം കടലില്‍ മത്സ്യസമ്പത്ത് കുറയാന്‍ ഇടയാകുമെന്നാണു വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം