ദരിദ്രരുടെ ദൈന്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുക: പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍
Sunday, June 28, 2015 4:03 AM IST
ദമാം: സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള സമ്പന്നരോട് ഇളവുകാട്ടുകയും പാവങ്ങളോട് ദാക്ഷിണ്യം കാട്ടാതിരിക്കുകയും ചെയ്യുന്ന സമൂഹങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്െടന്നു പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. കിഴക്കന്‍ പ്രവിശ്യ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ദമ്മാമില്‍ സംഘടിപ്പിച്ച റംസാന്‍ തസ്കിയ്യത്ത് ക്യാമ്പ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദരിദ്രരുടെ ദൈന്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുകയും അവരെ മുകള്‍ത്തട്ടിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരലും നബിതിരുമേനിയുടെ രാഷ്ട്രസങ്കല്‍പ്പത്തിന്റെ ഭാഗമായിരുന്നു. പാവപ്പെട്ടവനു മുഹമ്മദ് നബി കല്‍പ്പിച്ചവിലയും വലുതായിരുന്നു. പ്രപഞ്ചമാകെ നിറയ്ക്കാന്‍ പറ്റുന്ന സമ്പത്തിലും കൂടുതലാണു പാവപ്പെട്ടവന്റെ വിലയെന്നു പ്രവാചകന്‍ പറയുന്ന സന്ദര്‍ഭമുണ്ട്. ഈ പ്രതലത്തില്‍ നിന്നുകൊണ്ടാണ് കെഎംസിസി അതിന്റെ നയപരിപാടികള്‍ വിഭാവനം ചെയ്യുന്നതെന്നും റിലീഫ് പ്രവര്‍ത്തനങ്ങളുടെ പോരായ്മ കളുള്ള പ്രദേശത്തേക്ക് പ്രവര്‍ത്തകര്‍ കൂടുതല്‍ കാരുണ്യമെത്തിക്കണമെന്നും മുഈനലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഖാലിദ് തെങ്കര അധ്യക്ഷതവഹിച്ചു.

സി. ഹാശിം ബനാത്ത് വാല അനുസ്മരണം നടത്തി. ആലിക്കുട്ടി ഒളവട്ടൂര്‍, ഡോകടര്‍ ഇസ് മാഈല്‍, അബൂജിര്‍ഫാസ് മൌലവി, അഷ്റഫ് ആളത്ത് സംസാരിച്ചു.മാലിക് മഖ് ബൂല്‍,സി.പി.ഷരീഫ്, റസാഖ് ചാലിശ്ശേരി സംബന്ധിച്ചു.ഹൃസ്വ സന്ദര്‍ശന ത്തിനെത്തിയ പാലക്കാട് ജില്ലാ ഐയുഎംഎല്‍ കൌണ്‍സിലര്‍ പതിയില്‍ മുഹമ്മദ് കുട്ടി ഹാജിയെ വേദിയില്‍ ആദരിച്ചു. അല്‍ ശാത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന തൃക്കടീരി സലീമിന്റെ വീടിനുള്ള ജില്ലാ കമ്മിറ്റിയുടെ ധനസഹായം മുഈനലി തങ്ങളില്‍ നിന്ന് ശംസുദ്ധീന്‍ ഏറ്റു വാങ്ങി. ടി.എം. ഹംസ തങ്ങള്‍ക്ക് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി മുനീബ് ഹസന്‍ സ്വാഗതവും റഹ്മാന്‍ മോളൂര്‍ നന്ദിയും പറഞ്ഞു.ഉമര്‍ കപ്പൂരാന്‍ ഖിറാ അത്ത് നടത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം