കേരളൈറ്റ്സ് ബിസിനസ് ഫോറം ഇഫ്താര്‍ സൌഹൃദസംഗമം നടത്തി
Saturday, June 27, 2015 8:24 AM IST
റിയാദ്: കേരളൈറ്റ്സ് ബിസിനസ് ഫോറം (കെബിഎഫ്) അല്‍ മദീന ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സൌഹൃദ സംഗമം നടത്തി. ഇസ്ലാം റംസാനിലൂടെ മുമ്പോട്ട് വച്ച നിര്‍ബന്ധിത സക്കാത്ത് സംവിധാനം ലോകമൊട്ടാകെ നടപ്പിലായാല്‍ മനുഷ്യരുടെ പട്ടിണി തുടച്ചു മാറ്റാവുന്നതാണെന്നും പ്രവാസലോകത്തെ കുടുംബ ജീവിതത്തില്‍ കണ്ടു വരുന്ന ശൈഥില്യങ്ങള്‍ക്ക് കാരണം പരസ്പരം മനസിലാക്കാതെ പോവുന്നതാണെന്നും ചടങ്ങില്‍ ഉദ്ബോധന പ്രസംഗം നടത്തിയ ഡോ. അബ്ദുസലാം അഭിപ്രായപ്പെട്ടു.

പരസ്പരം മനസിലാക്കി ജീവിക്കാന്‍ ഭാര്യാഭര്‍ത്താക്കന്‍മാരും വൃദ്ധരായ മാതാപിതാക്കളെ ബഹുമാനിക്കാനും ആദരവോടെ അവരോട് നീതി കാണിക്കാന്‍ മക്കളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കെബിഎഫ് ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ നസീര്‍ പള്ളിവളപ്പില്‍, സൂരജ് പാണയില്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, മുഖ്യരക്ഷാധികാരി മുഹമ്മദലി മുണ്േടാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഉബൈദ് എടവണ്ണ സ്വാഗതവും ട്രഷറര്‍ സജി ജോസ് നന്ദിയും പറഞ്ഞു. ഷാജി ആലപ്പുഴ, ഫൈസല്‍ വടകര എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍