ഭീകരാക്രമണം അപലപനീയം: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍
Saturday, June 27, 2015 8:23 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വെള്ളിയാഴ്ച സംഭവിച്ച സ്ഫോടനം തികച്ചും ഹീനവും മനുഷ്യത്വരഹിതവുമാണെന്നും വിശ്വാസിക്ക് ഒരു വിധത്തിലും യോജിക്കാനാവാത്തതുമാണെന്നും കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സമാധാനത്തോടെയും പരസ്പര ധാരണയോടെയും കൂടി ജീവിക്കുന്ന വിവിധ വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ഭീകരവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ഇസ്ലാമിനെയും മുസ്ലിങ്ങളെയും കരിവാരിത്തേക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനത്തെ ഒറ്റപ്പെടുത്തുകയും ശക്തമായ ബോധവത്കരണം നടത്തുകയും വേണം. കുവൈറ്റ് സമൂഹത്തിനുണ്ടായ ഈ ദുഃഖത്തില്‍ പങ്കു ചേരുകയും സമാധാനത്തിനും ശാന്തിക്കും വേണ്ടി കുവൈറ്റ് ഭരണാധികാരികളോടൊപ്പം കൈ കോര്‍ക്കണമെന്നും ഊഹാപോഹങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനിയും ജനറല്‍ സെക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുള്‍ അസീസും പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍