മാര്‍ ഗ്രീഗോറിയോസ് ദേവാലയം സമര്‍പ്പിക്കപ്പെട്ടു
Saturday, June 27, 2015 8:23 AM IST
ഡാളസ്: മെസ്കീറ്റ് പട്ടണത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഇടവകയുടെ നൂതന ദേവാലയം ഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദൊ മാര്‍ തീത്തോസ് തിരുമേനി നിരവധി വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ കൂദാശ ചെയ്തു സഭയ്ക്കായി സമര്‍പ്പിച്ചു.

ജൂണ്‍ 21നു വൈകുന്നേരം 7.30 നു പള്ളിയില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലിത്തായെ വികാരി ഫാ. വി.എം. തോമസ് സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു മെത്രാപ്പോലീത്ത ദേവാലയത്തിന്റെ നൂതന നിലവിളക്ക് പ്രകാശിപ്പിച്ചു ഇടവകക്കായി സമര്‍പ്പിച്ച ശേഷം ദേവാലയ പ്രതിഷ്ഠക്കും വിശുദ്ധ മൂറോന്‍ അഭിഷേകത്തിനും മുഖ്യ കാര്‍മികത്വം നല്‍കി. കോര്‍എപ്പിസ്കോപ്പമാരായ ജോണ്‍ വര്‍ഗീസ്, ചെറിയാന്‍ മൂഴയില്‍, ജോണ്‍ തെക്കേമറ്റം എന്നിവരും വൈദികരായ ഡോ. പി.പി. ഫിലിപ്പസ് വര്‍ഗീസ് പോള്‍ (ന്യൂജേഴ്സി), പ്രദോഷ് മാത്യു (ഒക്ലഹോമ), ബിനു ജോസഫ് (ഹൂസ്റണ്‍), ബിനു തോമസ്, പോള്‍ തോട്ടക്കാട്ട്, കുര്യന്‍ ജോസഫ്, എബി ഏബ്രഹാം എന്നീ വൈദികരും സഹകാര്‍മികരായിരുന്നു. വികാരി ഫാ. വി.എം. തോമസ് പരിശുദ്ധ മൂറോന്‍ വഹിച്ച് ശുശ്രൂഷയില്‍ ഭാഗഭാക്കായി. ഹൂസ്റണ്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. ബിനു ജോസഫ് സന്ദേശം നല്‍കി. ആശീര്‍വാദത്തെ തുടര്‍ന്നു വിശ്വാസികള്‍ നവാര്‍പ്പിത ദേവാലയത്തില്‍ പ്രഥമ വഴിപാട് അര്‍പ്പിച്ചു. തുടര്‍ന്നു അത്താഴവിരുന്നു നല്കപ്പെട്ടതോടെ തലേനാളത്തെ ചടങ്ങുകള്‍ സമാപിച്ചു.

ജൂണ്‍ 22 നു പ്രഭാത നമസ്കാരത്തിനും വിശുദ്ധ മാമോദീസാക്കും ശേഷം തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും കോര്‍എപ്പിസ്കോപ്പമാരായ ജോണ്‍ വര്‍ഗീസ്, ചെറിയാന്‍ മൂഴയില്‍ എന്നിവരുടെ സഹാകാര്‍മികത്വതിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനമധ്യേ ഇടവകയുടെ സ്ഥാപക വികാരി ഫാ. വി.എം. തോമസിനെ കോര്‍എപ്പിസ്കോപ്പ സ്ഥാനത്തേക്കുയര്‍ത്തുകയും പുതിയ കോര്‍എപ്പിസ്കോപ്പ വിശുദ്ധ കുര്‍ബാന പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെക്രടറി ഏലിയാസ് ജോണ്‍ സ്വാഗതവും വിവിധ ഇടവകകളെയും സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ചും ഏക്യുമെനിക്കല്‍ വേദിയെ പ്രതിനിധീകരിച്ചും നവ കോര്‍എപ്പിസ്കോപ്പക്ക് ആശംസകളും ഉപഹാരങ്ങളും നല്‍കി.

ഇടവകക്കുവേണ്ടി ഏലിയാസ് ജോണും (സെക്രടറി) ഷെറി ജോര്‍ജും (ട്രഷറര്‍) ഇടിചെറിയമണിയും (വൈസ് പ്രസിഡന്റ്) ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഷെറി ജോര്‍ജിന്റെ (ട്രഷറര്‍) കൃതഞ്ജതക്കുശേഷം നവാഭിഷിക്തനായ വി.എം. തോമസ് കോര്‍എപ്പിസ്കോപ്പ നന്ദി പ്രകാശനം നടത്തി. ഉച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍