കുരുന്നുകള്‍ക്ക് കരുതല്‍ പദ്ധതികളുമായി അബുദാബി മാര്‍ത്തോമ സണ്‍ഡേസ്കൂള്‍
Saturday, June 27, 2015 8:16 AM IST
അബുദാബി: മാര്‍ത്തോമ സണ്‍ഡേ സ്കൂളിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുസഫ മാര്‍ത്തോമ പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമത്തിയോസ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹ വികാരി റവ. ഐസക് മാത്യു, റവ. പി.ടി. കോശി, ഹെഡ്മാസ്റര്‍ മാത്യു ഏബ്രഹാം, ജനറല്‍ കണ്‍വീനര്‍ എ.ഒ. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

സണ്‍ഡേ സ്കൂളിന്റെ നാല്‍പ്പതാമത് വാര്‍ഷിക പരിപാടികളുടെ ഭാഗമായി മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന നാല്‍പ്പതു കുരുന്നുകള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി. പൂര്‍വ വിദ്യാര്‍ഥികളുടെ സമ്മേളനം, സുവനീര്‍ പ്രകാശനം, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്സിബിഷന്‍, പ്രതിദിന ധ്യാന സഹായിയുടെ പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പരിപാടികള്‍. സണ്‍ഡേസ്കൂള്‍ വെബ്സൈറ്റിന്റെ പ്രകാശനകര്‍മവും തോമസ് മാര്‍ തിമത്തിയോസ് നിര്‍വഹിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തൊള്ളായിരത്തോളം കുട്ടികളും നൂറ്റിമുപ്പതു അധ്യാപകരുമാണ് ഇപ്പോള്‍ സണ്‍ഡേ സ്കൂളിലുള്ളത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള