ആഡംബര കുടുംബ വീടിനു ജയിലില്‍ അവസരമൊരുക്കുന്നു
Friday, June 26, 2015 8:02 AM IST
ദമാം: ജയിലുകളില്‍ അകപ്പെട്ടുപോയ കുടുംബനാഥന്മാരായ തടവുകാര്‍ക്കു ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ കുടുംബവുമൊത്തു ആഡബരത്തോടെ ഒരു ദിവസം ജയിലില്‍ സംഗമിക്കാന്‍ സൌദി ജയില്‍ ഡയറക്ടറേറ്റ് അവസരമൊരുക്കുന്നു.

സൌദി ജയിലുകളില്‍ ഫൈസ്റാര്‍ മാതൃകയിലുള്ള കൊച്ചുവീടുകള്‍ ഒരുക്കിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉറങ്ങാനുള്ള മുറി, കുട്ടികള്‍ക്കു കളിക്കാനുള്ള ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവ അടങ്ങിയാതാണ് ഈ വീടുകള്‍.

ഭക്ഷണവും ശീതളപാനീയങ്ങളുമെല്ലാം വീടുകളില്‍ തടവുകാര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കും.

ജയിലിലെ പുതിയ കുടുംബവീടിന്റെ ഉദ്ഘാടനം റിയാദിലെ മലസ് ജയിലില്‍ ജയില്‍ ഡയറക്ടറേറ്റ് ഉപമേധാവി കേണല്‍ സയിദ് അല്‍ ഹസനിയ നിര്‍വഹിച്ചു.

മദീന ജയിലില്‍ 88 വീടുകളാണ് ഇപ്രകാരം പണികഴിപ്പിച്ചിട്ടുള്ളത്. തടവുകാരുടെ ഭാര്യക്കും മക്കള്‍ക്കും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു ദിവസം ജയിലില്‍ ഒരുക്കിയിട്ടുള്ള കുടുംബവീട്ടില്‍ താമസിക്കാന്‍ അവസരം നല്‍കും. ജയിലുകളിലെ കുടുംബവീട് തടവുകാരുടെ മാനസികമായ പിരിമുറക്കം കുറയ്ക്കുന്നതിനു വഴിയൊരുക്കുമെന്നു സയിദ് അല്‍ ഹസനിയ അഭിപ്രായപ്പെട്ടു. സൌദിയിലെ ആറു ജയിലുകളില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സൌദി ജയില്‍ വക്താവ് ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ ഹര്‍ബി അറിയിച്ചു.

ജയിലുകളിലുള്ള ആഡംബര കുടുംബവീടുകളുടെ നിയന്ത്രണം ജയിലുകളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കാണ്. ജയില്‍ പരിഷ്കരണത്തിന്റെ ഭാഗമായാണു

ജയിലുകള്‍ക്കുള്ളില്‍ പുതിയ കുടുംബവീടുകള്‍ ഒരുക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം