നിക്കി ഹേലിക്കെതിരെ ആന്‍ കോള്‍ട്ടര്‍ നടത്തിയ പ്രയോഗത്തില്‍ പ്രതിഷേധം
Thursday, June 25, 2015 5:31 AM IST
സൌത്ത് കരോലിന: സൌത്ത് കരോലിനാ ഗവര്‍ണ്ണര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ, നിക്കി ഹേലിക്കെതിരെ കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ കമന്റേറ്റര്‍ ആന്‍ കോള്‍ട്ടര്‍ നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തി.

അമേരിക്കയില്‍ കുടിയേറിയ അമേരിക്കന്‍ ചരിത്രം അറിയാത്ത ഗവര്‍ണറാണ് നിക്കി ഹാലി എന്നാണ് ആന്‍ ഇവരെ വിശേഷിപ്പിച്ചത്.

കോണ്‍ഫെഡറേറ്റ് ഫ്ളാഗ് സംസ്ഥാന തലസ്ഥാനത്തുനിന്നു നീക്കം ചെയ്യുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് ആന്‍ പ്രസ്താവന നടത്തിയത്.

ജൂണ്‍ 23 ഫോക്സ് ബിസിനസ് നെറ്റ് വര്‍ക്കിലൂടെ ആന്‍ നടത്തിയ പ്രസ്താവനയെ യുഎസ് ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സജ്ജയ് പുരി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

അമേരിക്ക കുടിയേറ്റക്കാരുടെ നാടാണെന്നും ആനിന്റെ പൂര്‍വികന്മാര്‍ ഇവിടെ കുടിയേറിയവരാണെന്നും ഉളള യാഥാര്‍ഥ്യം വിസ്മരിക്കരുതെന്നു സജയ് ഓര്‍മ്മിപ്പിച്ചു.

പഞ്ചാബില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കള്‍ക്ക് 1972ല്‍ ഇവിടെ ജനിച്ച മകളാണ് നിക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍