ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓര്‍മപ്പെരുന്നാള്‍ ജൂണ്‍ 28ന്
Wednesday, June 24, 2015 5:18 AM IST
ഹൂസ്റണ്‍: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ പത്രോസ് ശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ജൂണ്‍ 28നു (ഞായര്‍) വൈകുന്നേരം അഞ്ചിന് നടക്കും.

ഹൂസ്റണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന, യാക്കോബായ സുറിയാനി വിശ്വാസികളുടെ ആഗ്രഹപ്രകാരം താത്കാലിക ക്രമീകരണമെന്നോണം, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടത്തുന്ന പെരുന്നാളിന് റവ. തോമസ് ഇട്ടി കോര്‍ എപ്പിസ്ക്കോപ്പ, ഫാ. ഷിനോജ് ജോസഫ്, ഫാ. ബിനു ജോസഫ് (വികാരി, സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റണ്‍), കൌണ്‍സില്‍ അംഗങ്ങളായ ഫാ. പോള്‍ തോട്ടക്കാട്ട്, ജോര്‍ജ് പൈലി, അലക്സ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.

ആറിനു നടക്കുന്ന സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസിന്റെ മുഖ്യകാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദീകര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു പെരുന്നാള്‍ ശുശ്രൂഷയും നടക്കും.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ സഭാവിശ്വാസികളെയും മെത്രാപ്പോലീത്ത കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്തു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍