ട്രിനിറ്റി മാര്‍ത്തോമ ഇടവകദിനം ജൂണ്‍ 28ന്; ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത മുഖ്യാതിഥി
Wednesday, June 24, 2015 5:17 AM IST
ഹൂസ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ 41-ാമത് ഇടവദിനം സമുചിതമായി ആഘോഷിക്കുന്നു. ജൂണ്‍ 28നു (ഞായര്‍) വിശുദ്ധ കുര്‍ബാനാനന്തരം നടത്തുന്ന ഇടവകദിന സമ്മേളനത്തില്‍ മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കും.

ഇടവകദിനത്തോടനുബന്ധിച്ച് ഇടവകയില്‍ ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി സപ്തതി ആഘോഷിക്കുന്ന ഇടവകാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കും. അക്കാദമിക് തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകയിലെ വിദ്യാര്‍ഥികളെയും ആദരിക്കും.

രാവിലെ ഒമ്പതിനാരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. വികാരി റവ. കൊച്ചുകോശി ഏബ്രഹാം, അസിസ്റന്റ് വികാരി റവ. മാത്യൂസ് ഫിലിപ്പ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഇടവകദിനത്തോടനുബന്ധിച്ച് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ആഗോള ക്രൈസ്തവരംഗത്തും എക്യുമെനിക്കല്‍ നേതൃനിരയിലും നിറഞ്ഞുനില്‍ക്കുന്ന മെത്രാപ്പോലീത്ത പാരമ്പര്യത്തിന്റെയും സഭാ പൈതൃകത്തിന്റെയും കരുത്തുമായി നടന്നു നീങ്ങുന്ന വലിയ ഇടയനാണ്. ഈ വലിയ ഇടയനെ ഉചിതമായി വരവേല്‍ക്കുവാന്‍ ട്രിനിറ്റിയിലെ വിശ്വാസസമൂഹം ഒരുങ്ങികഴിഞ്ഞുവെന്നു വികാരിമാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി