കണ്ണൂര്‍ ഷരീഫിന് സാരംഗിയുടെ ആദരാഞ്ജലി
Wednesday, June 24, 2015 5:08 AM IST
റിയാദ്: മാപ്പിളപ്പാട്ട് രംഗത്തു മാത്രമല്ല സിനിമയിലും പിന്നണിഗായകനായി ജനമനസുകളില്‍ നിറഞ്ഞുനിന്ന കണ്ണൂര്‍ സലീമിന്റെ അകാല വിയോഗം സംഗീതപ്രേമികള്‍ക്ക് വലിയ നഷ്ടമാണെന്നു റിയാദിലെ സാരംഗി കലാ,സാംസ്കാരിക വേദി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

വിവാഹ വേദികള്‍ മുതല്‍ റിയാലിറ്റി ഷോ വരെയുള്ള പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്ന സലിം പന്ത്രണ്ടാം വയസില്‍ സ്വന്തം പിതാവിന്റെ കൈ പിടിച്ചാണ് സംഗീത രംഗത്തേക്കു കടന്നുവരുന്നത്.

മുത്തെ സത്തെ, റജബ് മാസ നിലാവുപോലെ തുടങ്ങിയ ഗാനങ്ങളിലൂടെ കേരളീയ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കലാകാരന്‍ ഒരിക്കലും മരിക്കില്ലെന്നും ലോകത്തിന്റെ എല്ലാ കോണുകളിലെയും പ്രേക്ഷകരാല്‍ അവര്‍ ജീവിച്ചിരിക്കുമെന്നും പ്രസംഗകര്‍ പറഞ്ഞു. ബെന്നി വാടാനപ്പള്ളി അനുശോചന പ്രഭാഷണം നടത്തി. പ്രസിഡന്റ് മാള മുഹ്യുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സലിം കളക്കര, മുഹമ്മദാലി മണ്ണാര്‍ക്കാട്, നവാസ് ഖാന്‍ പത്തനാപുരം, നാസര്‍ കല്ലറ, ജലീല്‍ ആലപ്പുഴ, ജമാല്‍ എരഞ്ഞിമാവ്, ഷംസു കളക്കര, ഷാഫി കൊടിഞ്ഞി, ഷാജഹാന്‍ എടക്കര, സക്കീര്‍ മണ്ണാര്‍മല, ഷഹീദ് വാഴക്കാട്, ഷാജി മഠത്തില്‍, അലി ഹാഫ്മൂണ്‍, നാദം ഹംസ, ഷാജി ചെറു തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അക്ബര്‍ ആലംകോട് സ്വാഗതവും ഷിഫിന്‍ അക്ബര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍