ഡാളസില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു
Tuesday, June 23, 2015 7:11 AM IST
ഇര്‍വിംഗ് (ഡാളസ്): മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ് അസോസിയേഷനും ആര്‍ട്ട് ഓഫ് ലിവിംഗും സംയുക്തമായി ഇര്‍വിംഗ് തോമസ് ജഫര്‍സന്‍ പാര്‍ക്കില്‍ ജൂണ്‍ 21 നു (ഞായര്‍) അന്തര്‍ദേശീയ യോഗാ ദിനം ആഘോഷിച്ചു.

മഹാത്മാഗാന്ധി പാര്‍ക്കില്‍ മൂന്നൂറോളം പേരാണു യോഗയില്‍ പങ്കെടുക്കാന്‍ എത്തിചേര്‍ന്നത്. യോഗ പരിശീലകനും മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്രോജക്ട് ചെയര്‍മാനുമായ ഡോ. പ്രസാദ് തോട്ടക്കൂറ അന്തര്‍ദേശീയ യോഗ ദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മെയ്യഭ്യാസമായോ ഫാഷനായോ യോഗയെ കാണരുതെന്നും ശരീരവും മനസും ആത്മാവും സമന്വയിപ്പിക്കപ്പെടുന്ന ഒന്നാണ് യോഗാഭ്യാസം എന്നു ചെയര്‍മാന്‍ തോട്ടക്കൂറ അഭിപ്രായപ്പെട്ടു. ദിവസവും യോഗാ അഭ്യസിക്കുന്നത് മനസിനേയും വികാരത്തേയും നിയന്ത്രിക്കുവാന്‍ അത്യന്താപേക്ഷിതമാണെന്നും യോഗാഭ്യാസം എന്നതു രാഷ്ട്രത്തിന്റെ ആവശ്യം കൂടിയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

192 രാഷ്ട്രങ്ങളിലായി രണ്ട് ബില്യണ്‍ ജനങ്ങള്‍ യോഗ ദിനത്തില്‍ ഒത്തുചേര്‍ന്നത് യോഗയുടെ പ്രാധാന്യത്തെയാണ് ചൂണ്ടികാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംജിഎംഎല്‍ടി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ശബ്നം ആര്‍ട്ട് ഓഫ് ലിവിംഗ് ടീമിനെ പിരചയപ്പെടുത്തി.

രജനീഷ് ഗുപ്ത, ശ്രീധര്‍ ഇള്‍ജാറാം, ഡോ. നിക്ക് ഷ്റോഫ്, ആങ്കൂര്‍ ബോറ, ദീപ എന്നിവര്‍ വോളന്റിയര്‍മാരായിരുന്നു. റാവു കല്‍വാല (സെക്രട്ടറി) സ്വാഗതവും തയ്ബ് കുണ്ടന്‍ വാലാ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍