ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രോഗ്രാം: വലിയ ഖാസിയും കബീര്‍ ബാഖവിയും പ്രഭാഷണം നടത്തും
Tuesday, June 23, 2015 7:10 AM IST
ദുബായി: പത്തൊന്‍പതാമത് ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണ പരിപാടിയില്‍ ദുബായി കെഎംസിസിയെ പ്രതിനിധീകരിച്ച് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പ്രമുഖ വാഗ്മി അഹമ്മദ് കബീര്‍ ബാഖവിയും പ്രഭാഷണം നടത്തും.

ജൂണ്‍ 27നു (ശനി) രാത്രി 10നു ഖിസൈസ് മദീന മാളിനു പിറകിലെ ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ 'റംസാന്‍ പാരത്രിക മോക്ഷത്തിന്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ദുബായി ഗവണ്‍മെന്റിന്റെ മതകാര്യ വകുപ്പിനു കീഴിലുള്ള ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി നടത്തുന്ന പരിപാടിയില്‍ വര്‍ഷങ്ങളായി ദുബായി കെഎംസിസിയെ പ്രതിനിധാനം ചെയ്ത് കേരളത്തില്‍നിന്നുള്ള പ്രമുഖ പ്രഭാഷകര്‍ അതിഥികളായി പങ്കെടുത്തു വരികയാണ്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ചെയര്‍മാനും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ജനറല്‍ കണ്‍വീനറും അഡ്വ. സാജിദ് അബൂബക്കര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററും എ.സി. ഇസ്മായില്‍ ട്രഷററും ആയ കമ്മിറ്റി വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ട്. ദുബായിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹന സൌകര്യവും സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 042727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍