പി.വി. നീലകണ്ഠപ്പിള്ളയുടെ നിര്യാണത്തില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചിച്ചു
Tuesday, June 23, 2015 7:06 AM IST
ഡാളസ്: പി.വി. നീലകണ്ഠപ്പിള്ളയുടെ ആത്മാവിനു നിത്യശാന്തി നേരുവാനായി എന്‍എസ്എസ് നോര്‍ത്ത് ടെക്സസിന്റെ അംഗങ്ങള്‍ ഒത്തുകൂടി. എന്‍എസ്എസ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മന്മഥന്‍ നായരുടെ വസതിയില്‍ നടന്ന യോഗത്തില്‍ നിരവധി സമുദായ അംഗങ്ങള്‍ പി.വി. നീലകണ്ഠപ്പിള്ളയെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തു.

സമുദായ ആചാര്യന്‍ മാര്‍ഗദര്‍ശനം നല്‍കിയ പാതയിലൂടെ സഞ്ചരിച്ച പി.വി. നീലകണ്ഠപ്പിള്ള സമുദായത്തിനു നല്‍കിയ നേതൃത്വം എല്ലാ സമുദായ അംഗങ്ങള്‍ക്കും നല്ല മാതൃകയാണെന്നു മന്മഥന്‍ നായര്‍ അഭിപ്രായപ്പെട്ടു.

2002 മുതല്‍ ആറു വര്‍ഷം സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിലൂടെ ലോകമെമ്പാടുമുള്ള നായര്‍ സമുദായാംഗങ്ങളുടെ പ്രശംസയും ആദരവും നേടിയ പി.വി. നീലകണ്ഠപ്പിള്ള കഴിഞ്ഞ ചില വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു എങ്കിലും സാമൂഹിക സാമുദായിക രംഗങ്ങളിലെ എല്ലാ വിവരങ്ങളും അദ്ദേഹം സശ്രദ്ധം നിരീക്ഷിച്ചിരുന്നു. പി.വി. നീലകണ്ഠ പിള്ളയുടെ നിര്യാണത്തില്‍ നികത്താനാകാത്ത നഷ്ടമാണു സമുദായത്തിനുണ്ടായതെന്നു എന്‍എസ്എസ് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് സത്യജിത് നായര്‍ അറിയിച്ചു.

നൂറിലേറെ നായര്‍ സമുദായ അംഗങ്ങള്‍ ഒത്തു ചേര്‍ന്ന് പി.വി നീലകണ്ഠ പ്പിള്ളയുടെ നിര്യാണത്തില്‍ അനുശോചിക്കുകയും വരുന്ന നാളുകളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രമോദ് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം