ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ച് കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് ശ്രമം തടയണം: ഐഎസ്എഫ്
Monday, June 22, 2015 8:15 AM IST
ദമാം: ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ച് ബോധപൂര്‍വമായി കലാപം സൃഷ്ടിച്ചു കേരളത്തില്‍ അക്കൌണ്ട് തുറക്കാനുള്ള ആര്‍എസ്എസ് ശ്രമം സര്‍ക്കാര്‍ തടയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഫാസിസ്റ് ശക്തികളുടെ തേര്‍വാഴ്ചയുടെ അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാവേദിക്കു നേരേ ഉണ്ടായ ആര്‍എസ്എസ് ആക്രമണം. മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഫാസിസ്റ് അജന്‍ഡയുടെ ഭാഗമായി നടന്ന അക്രമം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനും മതസൌഹാര്‍ദത്തിനും ഭീഷണിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അരുവിക്കരയില്‍ നടക്കാനിരിക്കുന്നത് പുതിയൊരു മുന്നേറ്റത്തിന്റെ രാഷ്ട്രീയമാണെന്നും അഴിമതിയില്‍ മുങ്ങിയ വലതുപക്ഷവും അഡ്ജസ്റ്മെന്റ് സമരത്തിന്റെ വക്താക്കളായ ഇടതുപക്ഷവും വര്‍ഗീയ ചീട്ടിറക്കിയും കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയെ വിറ്റു തിന്നുന്ന ബിജെപിയും മത്സരിക്കുമ്പോള്‍ മാറ്റത്തിനായി പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന എസിഡിഎഫ് സ്ഥാനാര്‍ഥി കെ. ദാസിനു വോട്ടു നല്‍കി. ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ചിറയിന്‍കീഴ് (പ്രസിഡന്റ്), മന്‍സൂര്‍ ആലംകോട് (വൈസ് പ്രസിഡന്റ്), ഷിബു സുലൈമാന്‍ (ജനറല്‍ സെക്രട്ടറി), അഹമ്മദ് കബീര്‍, ഷാന്‍ ശ്രീകാര്യം (സെക്രട്ടറിമാര്‍) എന്നിവരെയും പത്തംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചിറയിന്‍കീഴ് അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എസ്ഡിടിയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമായ കരമന റസാഖിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. റഷീദ് സ്വാഗതവും ഷിബു സുലൈമാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം