'അരുവിക്കരയില്‍ യുഡിഎഫ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത'
Monday, June 22, 2015 5:52 AM IST
ജിദ്ദ: ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ഒരു വര്‍ഷം അധികാരത്തില്‍നിന്നു മാറിയപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും നേരിടുന്ന തീവ്ര വെല്ലുവിളികള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. യാതൊരു പ്രത്യയശാസ്ത്ര പിന്‍ബലവുമില്ലാതെ അക്രമവും പൈങ്കിളി കുപ്രചാരണങ്ങളും മാത്രം കൈമുതലായുള്ള കപട ഇടതുപക്ഷ വാദികള്‍ കേരളത്തിന് അപമാനവും ബാധ്യതയും ആയി മാറി. ഈയവസരത്തില്‍ അരുവിക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഒഐസിസി സൌദി ദേശീയ നേതൃത്വം വിലയിരുത്തി.

പ്രവാസ നാട്ടില്‍ ജീവിക്കുന്ന മുഴുവന്‍ ജനാധിപത്യ മതേതരത്വ വിശ്വാസികളും തങ്ങളാല്‍ ആവുംവിധം ഈ വിജയം ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നവ മാധ്യമങ്ങളില്‍കൂടിയും അരുവിക്കരയിലുള്ള വോട്ടര്‍മാരെ ഫോണ്‍ മുഖേനയും പരമാവധി ബന്ധപ്പെട്ടു ഈ പ്രവര്‍ത്തനത്തിനു ഊര്‍ജം പകരണമെന്നും സൌദി ദേശീയ നേതൃത്വം അഭ്യര്‍ഥിച്ചു.

കഴിഞ്ഞ നാലു വര്‍ഷം സമഗ്ര വികസനത്തിന്റെ പുത്തന്‍ പാഠങ്ങള്‍ രചിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള പിന്തുണ ഈയവസരത്തില്‍ രേഖപ്പെടുത്താനുള്ള നമ്മുടെ കടമ എല്ലാവരും ഏറ്റെടുക്കുമെന്നു പ്രത്യാശിക്കുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍