ആനുകൂല്യങ്ങള്‍ക്കായി പ്രവാസികള്‍ ശ്രമിക്കുന്നില്ല: കെ.സി. കരീം മൌലവി
Monday, June 22, 2015 5:52 AM IST
ജിദ്ദ: സര്‍ക്കാരിന്റെ പദ്ധതികളില്‍ ചേരാനും ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്നതിലും പ്രവാസികള്‍ പിന്നിലാണെന്ന് ഐഎന്‍ടിയുസി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.സി. കരീം. ജിദ്ദ ഒഐസിസിയുടെ പ്രവാസി സേവനകേന്ദ്ര സന്ദര്‍ശിച്ചു പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ അധാര്‍ കാര്‍ഡ്, മറ്റു തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ലഭിക്കുന്നതിനു അവധിയില്‍ നാട്ടിലുള്ളപ്പോള്‍പ്പോലും പ്രവാസികള്‍ ശ്രമിക്കുന്നില്ല. ഇതിനാവശ്യമായ എല്ലാ സഹായത്തിനും കോണ്‍ഗ്രസ് കമ്മിറ്റികള്‍ രംഗത്തുണ്െടന്നും ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ എല്ലാ പ്രവാസികളും ശ്രമിക്കണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. യോഗ ദിനത്തിലൂടെ വലിയ കച്ചവടസാധ്യതയാണു നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കള്ളപ്പണം കൊണ്ടുവരുമെന്നുപ്രചാരണം നടത്തി അധികാരത്തിലെത്തിയവര്‍ അവരുടെ സംരക്ഷകരായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. അധികാരം സമ്പാദനത്തിനുള്ള ഉപാധി മാത്രവും മതം അധികാരത്തിനുള്ള ചവിട്ടുപടിയുമായി കാണുന്നവരാണ് ഇക്കൂട്ടരെന്നു കെ.സി. കരീംകുറ്റപ്പെടുത്തി.

റിജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ആധാര്‍ കാര്‍ഡ്, വേട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ തുടങ്ങിയവയ്ക്ക് നാട്ടില്‍ നിര്‍ വഹിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രവാസി സേവന കേന്ദ്രയിലൂടെ ലഭ്യമാക്കുമെന്നു അധ്യക്ഷ പ്രസംഗത്തില്‍ മുനീര്‍ പറഞ്ഞു.

എല്ലാ ബുധനാഴ്ചയും ഷറഫിയ ഇംപാല ഗാര്‍ഡനിലുള്ള പ്രവാസി സേവന കേന്ദ്ര റംസാനില്‍ രാത്രി 11 മുതല്‍ ഒന്നു വരെയായിരിക്കും പ്രവര്‍ത്തിക്കുക. സേവന പ്രവര്‍ത്തനങ്ങള്‍ക്കു ജിദ്ദ കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച അംഗീകാര പത്രം കെ.സി. കരീം മൌലവി ഒഐസിസി ചാരിറ്റി കണ്‍വീനര്‍ ദോസ്ത് അഷ്റഫിനു ചടങ്ങില്‍ കൈമാറി. കെ.സി. കരീം മൌലവിയെ വിലാസ് അടൂര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ തക്ബീര്‍ പന്തളം എന്നിവര്‍ സംസാരിച്ചു. സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്ക് തോടു സ്വാഗതവും വെല്‍ഫയര്‍ സെക്രട്ടറി താഹിര്‍ ആമയൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍