ഫഹാഹീല്‍ ബ്രദേഴ്സിനു കെഫാക് ലീഗ് മൂന്നാം എഡിഷനു കിരീടം
Monday, June 22, 2015 5:49 AM IST
കുവൈറ്റ്: മിഷരിഫ് സ്റേഡിയത്തിലെ നൂറുകണക്കിനു പ്രവാസി ഫുട്ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തി ഫഹാഹീല്‍ ബ്രദേഴ്സ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടു.

മലപ്പുറം ബ്രദേഴ്സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു കീഴ്പ്പെടുത്തിയാണ് ഫഹാഹീല്‍ ബ്രദേഴ്സ് കെഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗ് കിരീടം ചൂടിയത്.

തുല്യശക്തികള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഏറെ അവസരങ്ങളാണു ലഭിച്ചത്. ആദ്യ പകുതിയില്‍ ഇന്‍സമാമിന്റെ ഗോളിലൂടെ ഫഹാഹീല്‍ മുന്നിലെത്തി. ഇതോടെ കളിയുടെ നിയന്ത്രണം ഫഹാഹീലിന്റെ കാലുകളിലായെങ്കിലും അതിവേഗ നീക്കങ്ങളാല്‍ നിരന്തരം ഫഹാഹീല്‍ ഗോള്‍മുഖം വിറപ്പിക്കുന്നതില്‍ മലപ്പുറം മുന്നേറ്റ നിര വിജയിച്ചു. ഉജ്വല ഫോമില്‍ കളിച്ച ഫഹാഹീല്‍ ഗോളിയുടെ സേവുകള്‍ ആദ്യപകുതിയില്‍ കാണികളുടെ മനംകവര്‍ന്നു. കാല്‍പന്തുകളിയുടെ തനതായ സൌന്ദര്യം വിരിഞ്ഞൊഴുകി രണ്ടാം പകുതിയില്‍ ലോംഗ് റേഞ്ചറുകള്‍ പരീക്ഷിച്ചു കളിക്ക് ആവേശം നല്‍കിയെങ്കിലും ഫഹാഹീലിന്റെ വിജയം തടുക്കാന്‍ മലപ്പുറത്തിനായില്ല. പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ മധ്യവരയ്ക്ക് അരികില്‍നിന്നു ലഭിച്ച ലോംഗ് പാസുമായി മുന്നില്‍ കയറിയ ഫഹാഹീല്‍ താരം യൂനുസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ക്ക് കരഗതമാക്കാന്‍ കഴിയുമായിരുന്നില്ല. രണ്ടാം ഗോള്‍ വീണെങ്കിലും അവസാന നിമിഷം വരെ ആവേശം കാത്തുസൂക്ഷിച്ചാണു മലപ്പുറം ബ്രദേഴ്സ് ഫഹാഹീല്‍ ബ്രദേഴ്സിനു മുന്നില്‍ കീഴടങ്ങിയത്.

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ലൂസേഴ്സ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനു മാക് കുവൈറ്റിനെ സിഎഫ്സി സാല്‍മിയ പരാജയപ്പെടുത്തി.

കെഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ സീസണ്‍ മൂന്നിലെ മികച്ച കളിക്കാരനായി സിഎഫ്സി സാല്‍മിയയുടെ മുബഷിര്‍ ബഷീറിനെയും മികച്ച ഗോള്‍കീപ്പറായി സ്റാര്‍ലൈറ്റ് വാരിയേഴ്സിന്റെ ശിവപ്രസാദിനെയും ടൂര്‍ണമെന്റിന്റെ ടോപ്സ്കോറര്‍ ആയി സിഎഫ്സി സാല്‍മിയയുടെ ഹസന്‍ വെന്നക്കോടിനെയും ടൂര്‍ണമെന്റിലെ അച്ചടക്കമുള്ള കളിക്കാരനായി സോക്കര്‍ കേരളയുടെ പ്രിന്‍സിനെയും തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ ശ്രീവാസ്തവ (ഇന്‍ഫോര്‍മേഷന്‍ ഫസ്റ് സെക്രട്ടറി, ഇന്ത്യന്‍ എംബസി), കെഫാക് പ്രസിഡന്റ് അബ്ദുള്ള കാദിരി, ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈറ്റ് ഹെഡ് അയൂബ് കേച്ചേരി, ഷമീം, ഷബീര്‍ അഡ്രസ്, സി. ജോണ്‍, കേഫാക് സെക്രട്ടറി ഗുലാം മുസ്തഫ, സെക്രട്ടറി ആഷിക് കാദിരി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷബീര്‍ കളത്തിങ്ങല്‍, മന്‍സൂര്‍ കുന്നത്തേരി എന്നിവരെക്കൂടാതെ കേഫാക്ക് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും സമ്മാനദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍