റിയാദ് തലശേരി കൂട്ടായ്മ ഭവന നിര്‍മാണപദ്ധതി ആദ്യഘട്ടം പൂര്‍ത്തിയായി
Monday, June 22, 2015 5:04 AM IST
റിയാദ്: തലസ്ഥാന നഗരിയിലെ തലശേരി നിവാസികളുടെ പൊതുവേദിയായ തലശേരി കൂട്ടായ്മ ആവിഷ്കരിച്ചു നടപ്പാക്കിയ ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലില് ഫുഖ്റാഅ് എന്നു നാമകരണം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച നാലു ഭവനങ്ങളുടെ താക്കോല്‍ദാനം റംസാന്‍ അവസാനത്തോടെ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തീര്‍ത്തും പാവപ്പെട്ട നിരാലംബരായ നാലു കുടുംബങ്ങള്‍ക്കാണു വീടെന്ന സ്വപ്നം ഇതിലൂടെ പൂവണിയുന്നത്.

കൂത്ത്പറമ്പ് കണ്ണൂര്‍ റോഡരികില്‍ പറമ്പായിലാണു 30 സെന്റു സ്ഥലത്ത് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. നാലു ബ്ളോക്കുകളിലായി ഇവിടെ 16 വീടുകളുടെ നിര്‍മാണമാണു ലില് ഫുഖറാഅ് പദ്ധതിയുടെ ലക്ഷ്യം. ഒരു ബളോക്കിലെ നാലു വീടുകളുടെ പണിയാണു തലശേരി കൂട്ടായ്മ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അടുത്ത മൂന്നു ബ്ളോക്കുകളിലെ ബാക്കിയുള്ള 12 വീടുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണു സംഘടനയെന്നും ഭാരവാഹികള്‍ പറഞ്ഞു. ലില് ഫുഖറാഅ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പേരോ മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കാതെ മാതൃകാപരമായ രീതിയിലാണ് ഇതിന്റെ കൈമാറ്റം നടക്കുക. റിയാദിലെ തലശ്ശേരി നിവാസികളോടൊപ്പം നിരവധി അഭ്യുദയകാംക്ഷികളും ഉദാരമതികളും ഇതിനോടു സഹകരിച്ചതായി കൂട്ടായ്മയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡണ്ട് ഹാഷിം തലശേരി, അസ്കര്‍ വി.സി, അസ്മത്ത് അലി, ഖാലിദ് റഹ്മാന്‍, അലി തമന്ന, റമീസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍