സേവനരംഗത്ത് പാദമുദ്ര പതിപ്പിച്ച് ഫോമ
Saturday, June 20, 2015 8:17 AM IST
യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നില്ലെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ ഫോമ നേതൃത്വം ഇതിനകം ചെയ്തു കഴിഞ്ഞതായി ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് പറഞ്ഞു. ഫോമ എംപയര്‍ റീജണിന്റെ കുടുംബമേളയില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി വാര്‍ഡിന് ഒരു എക്സ്റന്‍ഷന്‍ നിര്‍മിച്ചു നല്‍കുകയാണ് ഒന്ന്. ഒരുലക്ഷം ഡോളര്‍ ചെലവിട്ടു നിര്‍മിക്കുന്ന എക്സ്റന്‍ഷന്‍ സഫലമകുന്നതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരിക്കാന്‍ സൌകര്യമൊരുങ്ങും. ഡോക്ടര്‍മാര്‍ക്ക് കണ്‍സള്‍ട്ടിംഗിനു പ്രത്യേക മുറികളും ലഭ്യമാകും.

ഫോമയുടെ നിലവിലെ നേതൃത്വം സ്ഥാനമൊഴിയും മുമ്പ് പദ്ധതി സാക്ഷാത്കരിക്കുമെന്ന് ഷാജി ഉറപ്പു നല്‍കി. ഇതേ വരെ ഫോമയുടെ നേതൃത്വത്തില്‍ മാത്രമേ ഇതു ചര്‍ച്ച ചെയ്തിട്ടുള്ളൂ. വിവിധ നേതാക്കള്‍ പ്രോജക്ടുമായി സഹകരിക്കാന്‍ രംഗത്തുണ്ട്. ഫോമയുടെ 64 അംഗ സംഘടനകള്‍ 500 ഡോളര്‍ വീതം നല്‍കിയാലും നല്ലൊരു തുക ലഭിക്കും. പൊതുജനങ്ങളില്‍ നിന്നും ഉദാരമായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു.

ഓഗസ്റ് ഒന്നിനു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരള കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സംബന്ധിച്ച കരാര്‍ നല്‍കുകയോ ഒരുപക്ഷെ തറക്കല്ലിടുകയോ ചെയ്യും.

ഗവണ്‍മെന്റിന്റെ ഭൂമിയിലാണ് നിര്‍മാണം. പണംകൊടുക്കാമെന്നു പറഞ്ഞിട്ടുതന്നെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അനുമതി ലഭിക്കാന്‍ ഏഴുമാസമെടുത്തു. ഫോമയുടെ പിആര്‍ഒ ജോസ് ഏബ്രഹാമിന്റെ നിരന്തര പരിശ്രമം കൊണ്ടാണ് സര്‍ക്കാരിന്റെ അനുമതി നേടാനായത്.

കേരള കണ്‍വന്‍ഷന്‍ രാവിലെ സെമിനാറോടെയാണ് ആരംഭിക്കുക. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തോമസ് ഐസക്ക് എംഎല്‍എ, പ്രേമചന്ദ്രന്‍ എംപി, ബീന വിജയന്‍ ഐഎഎസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, വയലാര്‍ രവി എംപി തുടങ്ങിയവര്‍ പ്രസംഗിക്കും. നടന്‍ മധു, പി. വിജയന്‍ ഐപിഎസ് എന്നിവരെ ആദരിക്കും. വൈകുന്നേരം 6.30നു നടക്കുന്ന പൂള്‍സൈഡ് ഡിന്നറില്‍ 350 പേര്‍ പങ്കെടുക്കും. പ്രധാനപ്പെട്ട എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും മാധ്യമ രംഗത്തു നിന്നും ജോണ്‍ ബ്രിട്ടാസ്, ടി.എന്‍. ഗോപകുമാര്‍, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുക്കും.

ഒക്ടോബര്‍ 31നു ജനറല്‍ ബോഡി മീറ്റിംഗ് നടക്കും. ഡിട്രോയിറ്റില്‍ ഒരു പ്രഫഷണല്‍ സമ്മിറ്റും ജോബ് ഫെയറും നടത്തുകയാണ് അടുത്തത്. വിനോദ് കൊണ്ടൂര്‍ ഇതിനു നേതൃത്വം നല്‍കും.

2016 ജൂലൈ 7, 8, 9, 10 തീയതികളില്‍ മയാമി ഡോവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ പുതിയ അനുഭവമായിരിക്കും. ഓരോ ഫോമ കണ്‍വന്‍ഷനും ഓരോ പുതുമകളാണ് സമ്മാനിച്ചത്. ബീച്ചില്‍ നടക്കുന്ന കണ്‍വന്‍ഷനും കുടുംബമേളയും പുതിയ ചരിത്രം കുറിക്കും.

സമ്മേളനം ഉദ്ഘാടനം ചെയ്ത റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍ താന്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷനിലും ഫൊക്കാനയിലും പ്രവര്‍ത്തിച്ചത് അനുസ്മരിച്ചു. ലെജിസ്ളേറ്റര്‍ എന്ന നിലയില്‍ എല്ലാവരുടേയും പ്രതിനിധിയാണ് താന്‍. ഫോമ തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. തന്റെ ഇലക്ഷന് അന്നത്തെ ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍ അടക്കമുള്ളവര്‍ സഹായവുമായി എത്തിയത് അനുസ്മരിച്ചു. ഫോമയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

ഓഗസ്റു മാസം ഇന്ത്യന്‍ പൈതൃകമാസമായി ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളിയും സെനറ്റും പ്രമേയം പാസാക്കിയത് അവര്‍ ചൂണ്ടിക്കാട്ടിയത് സദസ് ഹര്‍ഷാരവത്തോടെ എതിരേറ്റു.

അമേരിക്കയിലെങ്ങും പന്തലിച്ചു കിടക്കുന്ന ഫോമയില്‍ പ്രവര്‍ത്തിക്കാനായതുമൂലം എല്ലാ മേഖലയിലും സുഹൃത്തുക്കളെ സമ്പാദിക്കാനായെന്ന് ബിജു ഉമ്മന്‍ ചൂണ്ടിക്കാട്ടി.

കേരള കണ്‍വന്‍ഷനു പൊതുവെ താത്പര്യമില്ലാതിരുന്ന കമ്മിറ്റി അംഗങ്ങള്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നറിഞ്ഞതോടെ സജീവമായി രംഗത്തുവരികയായിരുന്നുവെന്ന് ജോ. സെക്രട്ടറി സ്റാന്‍ലി കളത്തില്‍ പറഞ്ഞു.

മൂന്നു സംഘടനകള്‍കൂടി അംഗത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്െടന്നു ഷാജി എഡ്വേര്‍ഡ് അറിയിച്ചു. ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസും പ്രസംഗിച്ചു. ലിസ ജോസഫിന്റെ നാട്യമുദ്ര സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളായിരുന്ന കലാപരിപാടികളിലെ മുഖ്യഇനം.

ജെ. മാത്യൂസ്, അനിയന്‍ ജോര്‍ജ്, തോമസ് കോശി, നാഷണല്‍ കമ്മിറ്റി അംഗം ഷാജി മാത്യു, ന്യൂജേഴ്സി റീജണ്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, പിആര്‍ഒ ജോസ് ഏബ്രഹാം, മെട്രോ റീജണ്‍ ആര്‍വിപിയും കേരള കണ്‍വന്‍ഷന്‍ ചെയറുമായ ഡോ. ജേക്കബ് തോമസ്, പ്രദീപ് നായര്‍, തോമസ് മാത്യു, റെജി ജോര്‍ജ്, എ.വി. വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, സഖറിയ കാരുവേലില്‍, ഫിലിപ്പ് മഠത്തില്‍, ജോസ് കളപ്പുരയ്ക്കല്‍, ലാലി കളപ്പുരയ്ക്കല്‍, സണ്ണി ഏബ്രഹാം (ഫിലാഡല്‍ഫിയ), വിനു ജോസഫ്, വര്‍ഗീസ് കെ. ജോസഫ്, ഷിനു, സുരേഷ് മുണ്ടയ്ക്കല്‍, മോളി ജോണ്‍, സണ്ണി കല്ലൂപ്പാറ, ജോര്‍ജ് ജോസഫ് (മെറ്റ്ലൈഫ്) വനിതാ വിഭാഗം നേതാവും ഫിലാഡല്‍ഫിയ കലാ സെക്രട്ടറിയുമായ രേഖ ഫിലിപ്പ്, മാധ്യമ പ്രവര്‍ത്തകരായ ജോസ് കാടാപ്പുറം, ജോര്‍ജ് ജോസഫ്, തുടങ്ങി ഒട്ടേറേ പേര്‍ പങ്കെടുത്തു.

റീജണല്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍ സ്വാഗതം ആശംസിച്ചു. ഷോബി ഐസക്ക്, റോയി ചെങ്ങന്നൂര്‍ എന്നിവരായിരുന്നു എംസിമാര്‍.