യുഎസ് വീസ വിതരണം ജൂലൈ ആറിനു പുനരാരംഭിക്കും
Saturday, June 20, 2015 8:15 AM IST
വാഷിംഗ്ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റേ വീസ സിസ്റത്തിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ജൂണ്‍ ഒമ്പതു മുതല്‍ നിര്‍ത്തിവച്ചിരുന്ന വീസ ഇന്റര്‍വ്യൂ, വീസ വിതരണം എന്നിവ ജൂലൈ ആറു മുതല്‍ പുനരാരംഭിക്കുമെന്ന് ജൂണ്‍ 19 നു പുറത്തുവിട്ട ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.

ഒരാഴ്ചയായി മുടങ്ങി കിടന്നിരുന്ന വീസ നടപടികള്‍ ആരംഭിക്കുന്നതിനു നൂറോളം കംപ്യൂട്ടര്‍ എന്‍ജിനിയര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതമായിരിക്കുന്നതായും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടി.

ജൂണ്‍ 22 മുതല്‍ 26 വരെ ന്യുഡല്‍ഹി, യുഎസ് എംബസി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് കോണ്‍സുലേറ്റുകളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന നോണ്‍ ഇമ്മിഗ്രന്റ് വീസ ഇന്റര്‍വ്യുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതോടെ അപേക്ഷകള്‍ക്ക് വീസ ഇന്റര്‍വ്യു തീയതിയും സമയവും ഇമെയില്‍, എസ്എംഎസ് മുഖേന ലഭിക്കും.വീസ വിതരണത്തിലുണ്ടായ പ്രതിസന്ധിമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നവര്‍ക്ക് യുഎസ് അധികൃതര്‍ ഖേദം പ്രകടപ്പിച്ചു.

അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ വിശദമായ പരിശോധനകള്‍ക്കുശേഷമേ വീസ വിതരണം പുനരാരംഭിക്കാനാകൂ എന്നും അധികൃതര്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍