എകെഎംജി ന്യൂയോര്‍ക്ക് കിക്ക്ഓഫും, സിഎംഇ ക്ളാസും 26ന്
Saturday, June 20, 2015 3:36 AM IST
ന്യൂയോര്‍ക്ക്: സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷന്റെ ന്യൂയോര്‍ക്ക് റീജിയണല്‍ കിക്ക്ഓഫും, മെഡിക്കല്‍ കോണ്‍ഫറന്‍സും ജൂണ്‍ 26നു വെള്ളിയാഴ്ച നടത്തും. ലോംഗ് ഐലന്റിലെ പോര്‍ട്ട് വാഷിംഗ്ടണിലെ ഡിവാന്‍ റെസ്റ്റോറന്റില്‍ (37 ഷോര്‍ റോഡ്, പോര്‍ട്ട് വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് 11050) വൈകിട്ട് ആറിനാണു സമ്മേളനം.

മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ഡോ. വിനയ് കപൂര്‍ ഡയബെറ്റിക്സിനെപ്പറ്റിയുള്ള പുതിയ അറിവുകള്‍ പങ്കുവെയ്ക്കും. ഫ്ളഷിംഗ് ഹോസ്പിറ്റലിലെ എന്‍ഡോ ക്രൈനോളജി വിഭാഗം മേധാവിയാണു അദ്ദേഹം.

പാന്‍ക്രിയാറ്റിക് ഐസ്ലറ്റ് സെല്‍ ട്രാന്‍സ്പ്ളാന്റിനെപ്പറ്റി ഡോ. ഹൊറേഷ്യാ റൈലോ, ഡോ. ഏണസ്റ്റോ മോള്‍മെന്റി എന്നിവര്‍ ക്ളാസ് എടുക്കും. എന്‍എസ്എല്‍ഐ ജെയില്‍ സെന്റര്‍ ഫോര്‍ ഡിസീസസ് ഓഫ് പാന്‍ക്രിയാസ് ഡയറക്ടറാണ് ഡോ. റൈലോ. ട്രാന്‍സ്പ്ളാന്റ് സര്‍ജറി വിഭാഗം മേധാവിയാണു ഡോ. മോള്‍മെന്റി.

സമ്മേളനത്തില്‍ പുതിയ മെഡിക്കല്‍ ഗ്രാജ്വേറ്റുകളെ ആദരിക്കും. പുതിയ ഗ്രാജ്വേറ്റുകളുടെ പേരും വിവരവും അറിയിക്കാന്‍ എകെഎംജി നേതാക്കള്‍ എല്ലാ മെഡിക്കല്‍ പ്രൊഫഷണലുകളോടും അഭ്യര്‍ത്ഥിച്ചു. ഏതു മെഡിക്കല്‍ കോളജില്‍ പഠിച്ചവരായാലും കേരള ബന്ധമുണ്െടങ്കില്‍ സമ്മേളനത്തില്‍ പങ്കെടുക്കാം.

മദേഴ്സ് ഡേ ദിനത്തില്‍ നേപ്പാള്‍ ദുരിതാശ്വാസത്തിനു ലഭിച്ച 25000ല്‍പ്പരം ഡോളര്‍ അര്‍ഹിക്കുന്ന പ്രസ്ഥാനത്തിനു കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതു പ്രസ്ഥാനം/സ്ഥാപനം ആണ് തുക മെച്ചമായി ഉപയോഗിക്കുക എന്ന് തീരുമാനിക്കാന്‍ ഡോ. ജോണ്‍ ബെഞ്ചമിന്‍, ഡോ. ദീപു അലക്സാണ്ടര്‍, ഡോ. അലക്സ് മാത്യു എന്നിവര്‍ അടങ്ങിയ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ സുതാര്യത പുലര്‍ത്തും. ദുരിതാശ്വാസനിധി സമാഹരണത്തില്‍ പങ്കെടുത്ത വ്യക്തികള്‍, സംഘടനകള്‍ തുടങ്ങി എല്ലാവരോടും എകെഎംജി നേതാക്കള്‍ നന്ദി പറഞ്ഞു.

എ.കെ.എം.ജിയുടെ ദേശീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ധീരജ് കമലം, സെക്രട്ടറി ഡോ. തോമസ് പി. മാത്യു എന്നിവര്‍ അറിയിച്ചു.