ഡാളസില്‍ ക്രോസ്വെ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന് ജൂണ്‍ 21നു തുടക്കം
Friday, June 19, 2015 6:15 AM IST
റിച്ചാര്‍ഡ്സണ്‍ (ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിലവിലുളള നാലു ഇടവകകള്‍ക്ക് പുറമേ പുതിയൊരു കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നതിനുളള പ്രാരംഭ നടപടികള്‍ക്കു നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ റവ. ഡോ. ഗീവര്‍ഗീസ് തിയോഡോഷ്യസ് അനുമതി നല്‍കി.

പുതിയ കോണ്‍ഗ്രിഗേഷന്‍ 'ക്രോസ് വെ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്നുവെന്നും കോണ്‍ഗ്രിഗേഷന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനു ഡാളസിലെ സീനിയര്‍ പട്ടക്കാരനും ഓസ്റിന്‍ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്റെ ചുമതല നിര്‍വഹിച്ചിരുന്നു. പരിചയസമ്പന്നനായ റവ. മാത്യു ജോസഫിനെ വികാരിയായും നിയമിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് മലങ്കര മാര്‍ത്തോമ സഭയിലെ യുവതലമുറയെ സഭയുടെ മുഖ്യധാരയില്‍ വിശ്വാസസമൂഹമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഡാളസ് മാര്‍ത്തോമ ചര്‍ച്ചില്‍ (ഫാര്‍മേഴ്സ് ബ്രാഞ്ചില്‍) നടന്നുവന്നിരുന്ന കൂട്ടായ്മയുടെ തുടര്‍ച്ചയാണു മാര്‍ത്തോമ സഭയുടെ ഭരണഘടനയ്ക്കും വിശ്വാസാചാരങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന പുതിയൊരു കോണ്‍ഗ്രിഗേഷന്‍ ആയി രൂപപ്പെട്ടത്. മര്‍ത്തോമ സഭാ വിശ്വാസികളുടെ പ്രതീക്ഷകള്‍ക്കൊത്ത് കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ യഥാവിധി മുന്നോട്ടു പോകുന്നുവെങ്കില്‍ സമീപ ഭാവിയില്‍ ഒരു പുതിയ ഇടവകകൂടി ഡാളസില്‍ നിലവില്‍ വരും.

കേരളത്തില്‍ തായ്വേരുറപ്പിച്ച് ആഗോള വ്യാപകമായി പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മര്‍ത്തോമ സഭാ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളുവാന്‍ തയാറെടുക്കുന്നു എന്നതിനു അടിവരയിടുന്നതാണ് ദീര്‍ഘനാളുകളായി ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ യുവ തലമുറയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതിലൂടെ സഭാ നേതൃത്വം തെളിയിച്ചിരിക്കുന്നത്. കോണ്‍ഗ്രിഗേഷന്റെ ആഭ്യമുഖ്യത്തിലുളള ആദ്യ കുര്‍ബാന ജൂണ്‍ 21 നു (ഞായര്‍) റിച്ചാര്‍ഡ്സനിലുളള ചര്‍ച്ചില്‍ നടക്കുമെന്നു കോണ്‍ഗ്രിഗേഷന്‍ ചുമതല വഹിക്കുന്ന റവ. മാത്യു ജോസഫ് അറിയിച്ചു.

വിവരങ്ങള്‍ക്ക് : 214 762 5850

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍